താന്‍ റോ മേധാവിയെ കണ്ടതും ഗൂഢാലോചനയാണോയെന്ന് മോദിയോട് മുൻ പാക്ക് മന്ത്രി

By Web DeskFirst Published Dec 13, 2017, 2:11 PM IST
Highlights

ദില്ലി: ഗുജറാത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസും പാകിസ്ഥാനും കൈകോര്‍ക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ആരോപണത്തിന് മറുപടിയുമായി പാക്കിസ്ഥാന്‍ മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മുഹമ്മദ് കസൂരി. കോൺഗ്രസ് നേതാക്കളുമായി മാത്രമല്ല, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മേധാവിയുമായും താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അവിടെയും ഗൂഢാലോചന നടന്നുവെന്ന് അതിന് അർഥമുണ്ടോയെന്നും കസൂരി ചോദിച്ചതായി ഇന്‍ഡ്യാ ടു ഡേ ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോദിയുടെ ആരോപണങ്ങൾ വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നും ഇത്തരം സംഭവങ്ങൾക്ക് ഒരു പാക്കിസ്ഥാൻ ബന്ധം ആരോപിക്കുന്നതിലൂടെ വോട്ട് നേടാമെന്നാണ് അവരുടെ വിചാരമെന്നും പാക്ക് ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കസൂരി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ചില മുൻ യാത്രകളിൽ റോ മേധാവിയുമായിപ്പോലും ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇവരെല്ലാം ഞാനുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ഇതിന് അർഥമുണ്ടോയെന്നും കസൂരി ചോദിച്ചു. ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം സാധാരണഗതിയിലാക്കാൻ നടത്തിയ ശ്രമങ്ങളിൽ താനും മൻമോഹൻ സിങ്ങും പങ്കാളികളായിരുന്നുവെന്നു കസൂരി പറഞ്ഞു. ഈ ബന്ധത്തിന്റെ പുറത്താണ് മൻമോഹൻ സിങ്ങിനെ വിരുന്നിലേക്കു ക്ഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 6ന്  കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വീട്ടിൽ വച്ച് പാകിസ്ഥാൻ ഹൈക്കമ്മീഷറും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു നരേന്ദ്ര മോദിയുടെ ആരോപണം. ഗുജറാത്തില്‍ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചുവെന്ന ആരോപണവും മോദി ഉയര്‍ത്തി.

ഇത് വലിയ വിവാദമായി മാറിയതോടെ പ്രധാനമന്ത്രിയുടെ ആരോപണം തള്ളി പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചിട്ടില്ലെന്നും, ഗൂഡാലോചന കൊണ്ടല്ല സ്വന്തം ശക്തികൊണ്ടാണ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കേണ്ടതെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. മോദിയുടേത് പച്ചക്കള്ളമാണെന്നും മോദി രാജ്യത്ത് മാപ്പുപറയണമെന്നും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗും ആവശ്യപ്പെട്ടു. അപകടകരമായ കീഴ്വഴക്കത്തിലൂടെ ഭരണഘടനാ പദവികളെ അപമാനിച്ച മോദിയ്ക്ക് ഗുജറാത്തിൽ തോൽക്കുമെന്ന ഭയമാണെന്നും മൻമോഹൻസിംഗിന്‍റെ ആരോപിച്ചു. അതിന് മറുപടിയുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി.

 

 

 

click me!