ഹോട്ടലുകളിലെ ബിയര്‍ ഉല്‍പ്പാദനം; തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി

By Web DeskFirst Published Oct 31, 2017, 4:48 PM IST
Highlights

കൊച്ചി: ഹോട്ടലുകളിൽ ബിയർ ഉത്പാദനത്തിന് അനുമതി നൽകുന്ന കാര്യം സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി. എല്ലാവശവും പരിശോധിച്ച ശേഷമേ അനുമതി നൽകൂ. മദ്യനിരോധനമല്ല വർജ്ജനമാണ് വേണ്ടതെന്ന നിലപാടിൽ സർക്കാർ ഉറച്ച് നിൽക്കുകയാണെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ കൊച്ചിയിൽ പറഞ്ഞു.

ഹോട്ടലുകൾക്ക് ബിയറുണ്ടാക്കി വിൽക്കാനുള്ള മൈക്രോ ബ്രൂവറികൾ അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്. ചില നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ല. മൈക്രോ ബ്രൂവറികൾ അനുവദിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച എക്സൈസ് കമ്മീഷണർ സർക്കാരിന് സമർപ്പിച്ച റിപ്പോട്ടിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എക്സൈസ് മന്ത്രിയുടെ മറുപടി.

സ്വന്തമായി ബിയർ നിര്‍മ്മിച്ചു വില്‍ക്കാൻ സാധിക്കുന്ന മൈക്രോ ബ്രൂവറികൾക്ക് അനുമതി തേടി പത്ത് ബാറുകളാണ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ മൈക്രോ ബ്രൂവറികൾ പ്രവർത്തിക്കുന്നുണ്ട്. തീരുമാനം അനുകൂലമായാൻ മദ്യഉപഭോഗം കൂടില്ലേ എന്ന ചോദ്യത്തിന് മദ്യനിരോധനമല്ല വർജ്ജനമാണ് വേണ്ടതെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്ത് ലഹരി ഉപയോഗം നിയന്ത്രിക്കാൻ കുടുംബശ്രീയുമായി ചേർന്ന് സംസ്ഥാന സർക്കാരിന്റെ വിമുക്തി പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

click me!