ഇസ്രയേലിന്‍റെ ചാര സംഘടനയുടെ ഞെട്ടിപ്പിക്കുന്ന പ്രവര്‍ത്തനം

Published : Jan 29, 2018, 09:51 AM ISTUpdated : Oct 04, 2018, 05:39 PM IST
ഇസ്രയേലിന്‍റെ ചാര സംഘടനയുടെ ഞെട്ടിപ്പിക്കുന്ന പ്രവര്‍ത്തനം

Synopsis

ടെല്‍ അവീവ്: ഇസ്രയേല്‍ ചാരസംഘടന അന്താരാഷ്ട്ര തലത്തില്‍ നടത്തിയ കൊലപാതക പരമ്പരകള്‍ വെളിവാക്കിയുള്ള പുസ്തകം രംഗത്ത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇസ്രയേല്‍ ലോകത്ത് ആകമാനം  2700നടുത്ത് കൊലപാതക ശ്രമങ്ങള്‍ നടത്തിയെന്നാണ് 'റൈസ് ആന്‍റ് കില്‍ ഫസ്റ്റ്'  എന്ന പുസ്തകം പറയുന്നത്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചാര സംഘടന മൊസാദ്, ആഭ്യന്തര സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റ്, ഇസ്രയേല്‍ സൈന്യം തുടങ്ങിയവയുടെ ഭാഗമായ ഉദ്യോഗസ്ഥരില്‍ നിന്നാണ യെദിയോട്ട് അഹാരോനോട്ട് പത്രത്തിന്‍റെ രഹസ്യന്വേഷണ കാര്യങ്ങളുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ റോണന്‍ ബര്‍ഗ്മാന്‍ പുസ്തകം തയ്യാറാക്കിയത്.

വിഷം കലര്‍ത്തിയ ടൂത്ത് പേസ്റ്റ്, ആയുധധാരികളായ ഡ്രോണുകള്‍, പൊട്ടിത്തെറിക്കുന്ന മൊബൈല്‍ ഫോണുകള്‍, റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഘടിപ്പിച്ച സ്‌പെയര്‍ ടയറുകള്‍  ഇങ്ങനെ ഇസ്രയേലിന്‍റെ കൊലപാതക ഓപ്പറേഷനുകളെപ്പറ്റി വിവരിക്കുന്ന പുസ്തകത്തില്‍ മുസ്ലീം പുരോഹിതന്മാരുടെ രഹസ്യ പ്രണയബന്ധങ്ങള്‍ അന്വേഷിക്കുക തുടങ്ങിയവയെല്ലാം ഇസ്രയേല്‍ ചെയ്യുന്നുണ്ടെന്ന് പറയുന്നു. ലോകത്ത് ഏറ്റവുമധികം ചാരപ്പണിയും ശത്രുനിഗ്രഹങ്ങളും നടത്തുന്നത് ഇസ്രയേലാണെന്നും പുസ്തകം പറയുന്നു.

 പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിനെ വിഷം നല്‍കി കൊന്നതാണെന്നും റേഡിയേഷന്‍ ഉപയോഗിച്ചതായും കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. ഏരിയല്‍ ഷാരോണ്‍ പ്രതിരോധമന്ത്രിയായപ്പോഴാണ് അരാഫത്തിനെ വധിക്കാനുള്ള ഇസ്രയേല്‍ നീക്കം ശക്തിപ്പെട്ടത്. പിന്നീട് പ്രധാനമന്ത്രിയായ ഷാരോണിന്റെ മരണവും ദുരൂഹമാണെന്നതാണു മറ്റൊരു കാര്യം. 2006 ല്‍ അബോധാവസ്ഥയിലായ ഷാരോണ്‍, എട്ട് വര്‍ഷത്തിനുശേഷമാണു മരിച്ചത്.   2004ല്‍ അറാഫത്ത് മരിച്ചത് ഇസ്രയേലിന്‍റെ നീക്കങ്ങളുടെ ഫലമാണെന്നും ബെര്‍ഗ്മാന്‍ പറയുന്നു. കൂടുതല്‍ വിവരം പുറത്തുവിടുന്നതിനു ഇസ്രയേലിലെ സൈനിക സെന്‍സര്‍ഷിപ് തടസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

താന്‍ സംസാരിച്ചവരെല്ലാം ഈ നടപടികളെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും ഇതെല്ലാം യുദ്ധത്തിന്‍റെ ഭാഗമായി അംഗികരിക്കണമെന്ന അഭിപ്രായക്കാരാണ് ഇവരെല്ലാമെന്നും റോണന്‍ ബര്‍ഗ്മാന്‍ പറയുന്നു. പ്രാചീന ജൂതരുടെ താല്‍മഡ് അനുശാസനത്തില്‍ നിന്നാണ് പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത് – ആരെങ്കിലും “നിങ്ങളെ കൊല്ലാന്‍ തയ്യാറെടുക്കുന്നുണ്ടെങ്കില്‍ അയാളെ പെട്ടെന്ന് തന്നെ കൊല്ലൂ” എന്നതാണ് അത്.

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രിമാരായ എഹൂദ് ബറാക്, എഹൂദ് ഓല്‍മര്‍ട്ട് തുടങ്ങിയവരെയൊക്കെ അഭിമുഖം ചെയ്തിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് റോണന്‍ ബര്‍ഗ്മാന്‍. എന്നാല്‍ ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തന്‍റെ പുസ്തകത്തില്‍ ഇടപെട്ടെന്ന് ബര്‍ഗ്മാന്‍ പറയുന്നു. തന്‍റെ അന്വേഷണം എങ്ങനെ തടയാം എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ 2010ല്‍ യോഗം വിളിച്ചിരുന്നു. തന്നോട് സംസാരിക്കരുതെന്ന് മൊസാദ് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തിരുന്നു.
അമേരിക്കക്ക് തങ്ങളുടെ ചാരസംഘടനയിലും സുരക്ഷാ ഏജന്‍സികളിലും ഇസ്രയേലിന് അവരുടേതില്‍ ഉള്ളതിനേക്കാള്‍ നിയന്ത്രണമുണ്ട്. 

എന്നാല്‍ 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന് ശേഷം ഇസ്രയേലിന്‍റെ രീതികള്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ഉപയോഗിച്ച് തുടങ്ങി. ബറാക് ഒബാമയും ഇത്തരം ശത്രുനിഗ്രഹങ്ങള്‍ തുടര്‍ന്നു. കമാന്‍ഡ്, കണ്‍ട്രോള്‍ സംവിധാനങ്ങള്‍, വിവര ശേഖരണ രീതികള്‍, വാര്‍ റൂമുകള്‍, ഡ്രോണുകള്‍, മറ്റ് സാങ്കേതികവിദ്യകള്‍ തുടങ്ങി യുഎസ് സൈന്യം ഉപയോഗിക്കുന്ന പലതും ഇസ്രയേല്‍ വികസിപ്പിച്ചതാണ് – ബര്‍ഗ്മാന്‍ പറയുന്നു. 

വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ തന്ത്രങ്ങളും വ്യക്തികളുമെല്ലാം സംബന്ധിച്ച വിവരങ്ങള്‍ പുസ്തകത്തിലുണ്ട്. 1970കളില്‍ മോസാദ് ഓപ്പറേഷന്‍സ് തലവന്‍ വിദേശ രാജ്യങ്ങളില്‍ വാണിജ്യ കമ്പനികള്‍ തുറന്നു. ഭാവിയിലെ ആവശ്യങ്ങള്‍ ലക്ഷ്യം വച്ചായിരുന്നു ഇത്. മൊസാദിന്റെ മിഡില്‍ ഈസ്റ്റേണ്‍ ഷിപ്പിംഗ് ബിസിനസ് യെമനിലെ ഇടപെടലിന് അവര്‍ക്ക് സഹായമായി.

അതേസമയം അന്താരാഷ്ട്ര ചാരപ്രവര്‍ത്തിയില്‍ പാരാജയങ്ങളും ഇസ്രയേലിന് സംഭവിച്ചിട്ടുണ്ടെന്ന് പുസ്തകം പറയുന്നു. പലസ്തീന്‍ തീവ്രവാദി ഗ്രൂപ്പെന്ന് പറയപ്പെടുന്ന സംഘം 1972ല്‍ മ്യൂണിച്ച് ഒളിംപിക്‌സിനെത്തിയ ഇസ്രയേല്‍ അത്‌ലറ്റുകളെ കൊലപ്പെടുത്തിയതിന് ഇസ്രയേല്‍ പക വീട്ടിയിരുന്നു. തങ്ങളുടെ ലക്ഷ്യമല്ലാത്ത ഒന്നിലധികം പേരെ ആള് തെറ്റി ഇസ്രയേല്‍ കൊലപ്പെടുത്തി. വിജയകരമായി പൂര്‍ത്തിയാക്കിയതും എന്നാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്തതുമായ ഓപ്പറേഷനുകള്‍ ഇസ്രയേല്‍ നടപ്പാക്കിയിട്ടുണ്ട്. ഇസ്രയേലി ഏജന്‍സികള്‍ ചെയ്തുകൂട്ടുന്ന ഇത്തരം ദ്രോഹങ്ങളുടേയും ക്രൂരതകളുടേയും നിയമപരവും ധാര്‍മ്മികവുമായ പ്രശ്‌നങ്ങളിലേയ്ക്കാണ് റോണന്‍ ബര്‍ഗ്മാന്‍ വിരല്‍ ചൂണ്ടുന്നത്. രഹസ്യന്വേഷകര്‍ക്ക് മറ്റുള്ളവര്‍ക്കും വെവ്വേറെ നിയമമാണ് നിലവിലുള്ളത്.

2016ല്‍ അന്തരിച്ച, എട്ട് വര്‍ഷക്കാലം മൊസാദിന്‍റെ തലവനായിരുന്ന മീര്‍ ദഗനാണ് റോണന്‍ ബര്‍ഗ്മാന്റെ ഏറ്റവും പ്രധാന വിവര സ്രോതസുകളില്‍ ഒരാള്‍. ഔദ്യോഗിക ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയിലായിരുന്നു. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. 

റിയാക്ടറുകള്‍ക്ക് പ്രവര്‍ത്തനയോഗ്യമല്ലാത്തതും അപകടകരവുമായ പാര്‍ട്‌സ് കൊടുക്കുക, നിലവിലെ പോലെ കൊലപാതകങ്ങള്‍ തുടരുക തുടങ്ങിയ പ്രവര്‍ത്തനരീതികള്‍ ഫലപ്രദമാണ് എന്നായിരുന്നു മീര്‍ ദഗന്റെ അഭിപ്രായം. എന്നാല്‍ ഇതുകൊണ്ട് മാത്രം കാര്യമില്ല എന്ന നിലപാടായിരുന്നു നെതന്യാഹുവിന്റേത്. ഒരു കാറില്‍ ശരാശരി 25,000 പാര്‍ട്‌സ് ഉണ്ടാവും. ഇതില്‍ 100 എണ്ണം ഇല്ല എന്ന് കരുതുക – അതെങ്ങനെ പോകും. പലപ്പോളും ഡ്രൈവറെ കൊല്ലാനും ഏറ്റവും നല്ല വഴിയാണിത് – മീര്‍ ദഗന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'
ശാന്തകുമാരി അമ്മയ്ക്ക് വിട; മുടവൻമുകളിലെ പഴയ വീട്ടിൽ അവർ വീണ്ടും ഒത്തു കൂടി, ലാലുവിന്‍റെ അമ്മയെ അവസാനമായി കാണാൻ