ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയ കക്ഷി പ്രശ്നങ്ങളിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി
ദില്ലി : ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധ സമാനമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാകിസ്താനുമായുള്ള വെടിനിർത്തലിൽ ചൈനയുടെ മധ്യസ്ഥതാ വാദം തെറ്റാണെന്നും, ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നുമാണ് ഇന്ത്യയുടെ വിദേശകാര്യ ഉന്നത ഉദ്യാഗസ്ഥരിൽ നിന്നുണ്ടായ പ്രതികരണം.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയ കക്ഷി പ്രശ്നങ്ങളിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്താനുമായി വെടിനിർത്തൽ ചർച്ചകൾക്ക് തങ്ങൾ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ പ്രതികരണം നടത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും വെടിനിർത്തൽ നടപ്പിലാക്കുന്നതിനും തങ്ങൾ സഹായിച്ചുവെന്നായിരുന്നു ചൈനയുടെ വാദം.
ബെയ്ജിംഗിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ ആണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഏത് തരത്തിലുള്ള മൂന്നാം കക്ഷി ഇടപെടലിനെയും ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുണ്ട്.
ചൈനയുടെ അവകാശവാദങ്ങൾ
ഈ വർഷം ലോകത്തുണ്ടായ പല സംഘർഷങ്ങളിലും ചൈന ക്രിയാത്മകമായ ഇടപെടൽ നടത്തിയെന്നാണ് വാങ് ഇ പറഞ്ഞത്. മ്യാൻമർ, ഇറാൻ ആണവ കരാർ, കംബോഡിയ-തായ്‌ലൻഡ് തർക്കം, ഇസ്രായേൽ - പലസ്തീൻ പ്രശ്നം എന്നിവയ്ക്കൊപ്പം ഇന്ത്യ-പാക് സംഘർഷവും ചൈന പരിഹരിച്ചതായി അദ്ദേഹം പട്ടികപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധങ്ങൾ നടന്ന വർഷമാണിതെന്നും ഇതിൽ നീതിപൂർവ്വമായ നിലപാടാണ് ചൈന സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

