അപമാനിച്ചത് ചോദ്യം ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ബാഹ്യ ഇടപെടല്‍ മൂലമെന്ന് ആക്ഷേപം

By Web DeskFirst Published Jun 18, 2016, 5:59 AM IST
Highlights

വീടിനടുത്തുള്ള കടയില്‍ പോയ യുവതികളെ ജാതിപ്പേര് വിളിച്ച് അപമാനിച്ചപ്പോഴായിരുന്നു യുവതികള്‍ അത് ചോദ്യം ചെയ്യാന്‍ പാര്‍ട്ടി ഓഫീസില്‍ കയറിയത്. ഇതില്‍ അതിക്രമിച്ച് കടക്കലും സംഘം ചേരലും എന്താണെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. എന്നാല്‍ പോലീസെടുത്ത കേസില്‍ വകുപ്പ് 452, 324 എന്നിവ ചേര്‍ത്തതാണ് യുവതികളുടെ ജാമ്യം നിഷേധിക്കപ്പെടാനിടയാക്കിയത്. അതിക്രമിച്ച് കടക്കല്‍, ഭവന ഭേദനം തുടങ്ങിയവ നടത്തുന്നവര്‍ക്ക് നേരെയാണ് ഈ വകുപ്പുകള്‍ പ്രയോഗിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പരുക്കേല്‍പ്പിക്കുന്നതിനാണ് 324ാം വകുപ്പ് ചുമത്തുന്നത്. ഇവരുടെ കാര്യത്തില്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.  കൈകൊണ്ടാണ് അടിച്ചതെന്നാണ് യുവതികള്‍ നല്‍കുന്ന മൊഴി. ഈ സാഹചര്യത്തില്‍ പോലീസിന്റെ നടപടി വലിയ വിമര്‍ശനമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.

എന്നാല്‍ പോലീസ് നടപടിയില്‍ ബാഹ്യ ഇടപെടലില്ലെന്നും അങ്ങനെ ഉണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും കണ്ണൂര്‍ എസ്‌പി പറഞ്ഞു. വനിതാ ജയിലില്‍ കഴിയുന്ന അഖിലയ്‌ക്കും അഞ്ജനയ്‌ക്കും വേണ്ടി ഇന്ന് തലശ്ശേരി കോടതിയില്‍ ബന്ധുക്കള്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. ദളിത് പെണ്‍കുട്ടികള്‍ക്ക് നിയമസഹായം നല്‍കാനമെന്നേറ്റ് നിരവധി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഇന്ന് ജില്ലയിലാകെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കി.

click me!