
കസാന്‍: ഫ്രാന്‍സ് അര്‍ജന്റീന ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാനൊരുങ്ങുന്‌പോള്‍ രണ്ടു യുവതാരങ്ങളുടെ നേര്‍ക്കുനേര്‍ പോരു കൂടിയാകുമത്. ഫ്രഞ്ച് മുന്നേറ്റതാരം കൈലിയന്‍ എംബാപ്പെയും അര്‍ജന്റീനയുടെ ക്രിസ്റ്റ്യന്‍ പാവണും.
സൂപ്പര്‍ താരങ്ങള്‍ ഏറെയുള്ള ഫ്രഞ്ച് നിരയില്‍ പ്രമുഖരെ ഒഴിവാക്കിയാണ് എംബാപ്പെയെന്ന പത്തൊമ്പതുകാരനെ മുന്നേറ്റത്തില്‍ എടുത്തത്. മുഖം ചുളിച്ചവര്‍ക്ക് കളിച്ച് തന്നെയാണ് എംബാപ്പെ മറുപടി നല്‍കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയിലും ദഷാംപ്‌സിന്റെ വിശ്വസ്യത കാത്തു എംബാപ്പെ. രണ്ടാമത്തെ കളിയില്‍ പതീക്ഷയ്‌ക്കൊത്തുയരാത്ത ടീമിനെ രക്ഷിച്ചെടുത്ത ഗോളും എംബാപ്പെ വക.
ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജെര്‍മന്‍ ടീമില്‍. നെയ്മര്‍, കവാനി, ഏഞ്ചല്‍ ഡി മരിയ ത്രയത്തിനിടയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇടം പിടിച്ച എംബപ്പെ വരാനിരിക്കുന്നത് തന്റെ കാലമാണെന്ന് ഉറപ്പിച്ചു കഴിഞ്ഞു.
പാവണിന്റെ കാര്യം വ്യത്യസ്തമാണ്. ഇറ്റാലിയന്‍ ലീഗില്‍ ഗോളടിച്ചു കൂട്ടിയ ഇക്കാര്‍ഡിക്ക് പകരം ഒരു യുവതാരം വന്നത് അര്‍ജന്റീന ആരാധകര്‍ക്ക് പോലും സഹിച്ചിരുന്നില്ല. പകരക്കാരുടെ ഇടയിലാണ് പലപ്പോഴും സ്ഥാനമെങ്കിലും അര്‍ജന്റീനയുടെ മുന്നേറ്റത്തിന്റെ ഭാവി പാവണിന്റെ കാലുകളില്‍ ഭദ്രം. മൈതാനത്ത് ഇറങ്ങിയപ്പോഴെല്ലാം കളിക്ക് വേഗം നല്‍കാന്‍ പാവണിന് കഴിഞ്ഞു.
യൂറോപ്യന്‍ ക്ലബ്ബുകളുടെ കണ്ണുകള്‍ ഇപ്പോള്‍ തന്നെ ഈ ബൊക്കാ ജുനീയേഴ്‌സ് താരത്തിന് മുകളിലുണ്ട്. ഫ്രാന്‍സും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ലോകം കാത്തിരിക്കുകയാണ് എബാപ്പെ- പാവണ്‍ പോരാട്ടത്തിനായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam