'കണ്ണുനിറഞ്ഞു പോയി, മനസ്സും'; വൃദ്ധസദനത്തിലെ അന്തേവാസികളുടെ സംഭാവന സ്വീകരിച്ച് മന്ത്രി വി.എസ്. സുനിൽ കുമാർ

By Web TeamFirst Published Aug 27, 2018, 10:23 PM IST
Highlights

വൃദ്ധസദനത്തിലെ അന്തേവാസികളായ അച്ഛനമ്മമാരിൽ നിന്ന് സംഭാവന ഏറ്റുവാങ്ങിയപ്പോൾ തന്റെ കണ്ണും മനസ്സും നിറഞ്ഞുപോയി എന്ന് മന്ത്രി പറയുന്നു. അനാഥത്വവും ദു:ഖവും അനുഭവിക്കുന്നതിനിടയിലാണ് ഇവർ തങ്ങളുടെ കൊച്ചുസമ്പാദ്യത്തിൽ നിന്ന് ഈ തുക സമാ​ഹരിച്ചത്.


തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃശൂരിലെ വൃദ്ധസദനത്തിലെ അന്തേവാസികളും സംഭാവന നൽകി. തൃശൂർ രാമവർമ്മപുരം വൃദ്ധസദനത്തിലെ വയസ്സായ അച്ഛൻമാരും അമ്മമാരുമാണ് തങ്ങളുടെ കുഞ്ഞു സമ്പാദ്യത്തിൽ നിന്ന് സമാഹരിച്ച നാൽപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ചവിട്ടിയും പായും അച്ചാറും നിർമ്മിച്ച് വിറ്റ് കിട്ടുന്ന ചെറിയ തുകകളാണ് ഇവരുടെ ആകെയുള്ള സമ്പാദ്യം. മന്ത്രി വി.എസ്. സുനിൽകുമാർ തന്റെ ഫേസ്ബുക്കിൽ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ സഹായവും പിന്തുണയും നൽകി നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. മന്ത്രി എന്ന നിലയിൽ പലയിടത്ത് നിന്നും സഹായം സ്വീകരിച്ചിച്ചിട്ടുണ്ട്. എന്നാൽ വൃദ്ധസദനത്തിലെ അന്തേവാസികളായ അച്ഛനമ്മമാരിൽ നിന്ന് സംഭാവന ഏറ്റുവാങ്ങിയപ്പോൾ തന്റെ കണ്ണും മനസ്സും നിറഞ്ഞുപോയി എന്ന് മന്ത്രി പറയുന്നു. അനാഥത്വവും ദു:ഖവും അനുഭവിക്കുന്നതിനിടയിലാണ് ഇവർ തങ്ങളുടെ കൊച്ചുസമ്പാദ്യത്തിൽ നിന്ന് ഈ തുക സമാ​ഹരിച്ചത്.

ജീവിതത്തിലെ ഏറ്റവും ഹൃദയസ്പർശിയായ അനുഭവം എന്നും ഇതാണ് മനുഷ്യത്വം എന്നുമാണ് മന്ത്രി ഈ പ്രവർത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ഇവർക്ക് ആദരമർപ്പിച്ചു കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ആ തുക ഒരിക്കലും വില മതിക്കാൻ സാധിക്കാത്തതാണെന്നാണ് മിക്കവരുടെയും വിലയിരുത്തൽ 
 

click me!