
മോഷണക്കുറ്റം ചുമത്തി യുവാവിനെ തല്ലിക്കൊന്നു, വിവസ്ത്രനാക്കി കെട്ടിത്തൂക്കി... ബീഫിന്‍റെ പേരില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പലപ്പോഴും ഉത്തരേന്ത്യയില്‍ നിന്നു വരുന്ന ഇത്തരം വാര്‍ത്തകളെ മുഖം ചുളിച്ച് വായിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ തന്നെ അത്തരമൊരു സംഭവം നടന്നിരിക്കുന്നു. അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഈ വാര്‍ത്ത പുറം ലോകത്തെത്തിയത്. അരിസാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചാരിയിരുന്നു 27കാരനായ മധുവിനെ ജനക്കൂട്ടം പിടികൂടി മര്‍ദ്ദിക്കുകയും തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീണ മധു മരണത്തിന് കീഴടങ്ങി. അതേസമയം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം മധുവിനെ പിടികൂടി കെട്ടിയിട്ടതിന്‍റെയും മര്‍ദ്ദനത്തിന് ശേഷം അക്രമികള്‍ സെല്‍ഫിയെടുക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ പ്രതിഷേധം ശക്തമായി. സംഭവം നടന്ന് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിലുമടക്കം വന്‍ പ്രതിഷേധം ഇരമ്പുകയാണ്. അയാളെ കൊല്ലേണ്ടിയിരുന്നില്ലെന്നും പട്ടിണി കിടന്ന് മരിച്ചോളുമായിരുന്നു എന്നും ചിലര്‍ പറയുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ആദിവാസിക്ക് രണ്ടെണ്ണം കൊടുത്താല്‍ ഹരം കേറുമെന്ന അറിവാണ് ആള്‍ക്കൂട്ടത്തിനെ ഇത്തരം ക്രൂരകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്നും ചിലര്‍ പറയുന്നു.
ഒരു നേരത്തെ ഭക്ഷണമെങ്കിലും വയറുനിറയെ കൊടുത്തിട്ട് അവനെ കൊല്ലാമായിരുന്നില്ലേ നിങ്ങൾക്ക്? ഒരു നേരമെങ്കിലും വിശപ്പിന്റെ വിലയറിഞ്ഞ ഒരുത്തനുമില്ലായിരുന്നോ നിങ്ങളുടെ കൂടെ?.... വെള്ളം പോലും കൊടുക്കരുതെന്ന് പറയുന്നവരുടെ മനസിനെ കുറിച്ചു ഓര്‍ത്ത് പരിതപിക്കുന്നവര്‍, മനുഷ്യശരീരങ്ങളെ വെട്ടിനുറുക്കുന്ന നാട്ടില്‍ ഇത് വലിയ കാര്യമല്ലെന്ന് പറയുന്നവര്‍.പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെയും പ്രതിഷേധം ഉയരുന്നു. സാക്ഷര കേരളത്തെയും രാഷ്ട്രീയ പാര്‍ടികള്‍ക്കു നേരെയും രൂക്ഷമായാണ് ഭൂരിഭാഗം പേരും കുറ്റപ്പെടുത്തുന്നു.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പ്രതികരണമാണ് മധുവിന്‍റെ മരണത്തോടെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പ്രതികളെ എത്രയും വേഗം പിടികൂടിയില്ലെങ്കില്‍ പ്രതിഷേധ സമരങ്ങള്‍ സങ്കടിപ്പിക്കാനും വിവിധ ഗ്രൂപ്പുകളില്‍ ആഹ്വാനങ്ങളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam