
തൃശൂര്‍: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വ്യാജ അപ്പീൽ കേസിലെ മുഖ്യ പ്രതി സതികുമാർ കീഴടങ്ങി. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. മുഖ്യപ്രതികള്‍ ഇപ്പോഴും പുറത്താണെന്ന് കോടതിയില്‍ നിന്ന് പുറത്തിറക്കവെ സതികുമാര്‍ പ്രതികരിച്ചു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുണ്ടാക്കാൻ സീല്‍ നിര്‍മ്മിച്ചു നല്‍കിയ തിരുവനന്തപുരം സ്വദേശി സതികുമാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയതു മുതല്‍ ഒളിവിലാണ്. സംസ്ഥാനത്തിനകത്തും പുറത്തും ക്രൈം ബ്രാഞ്ച് വല വിരിച്ചതോടെ മറ്റു വഴിയില്ലാതെയാണ് സതികുമാര്‍ കീഴടങ്ങിയത്.
12 മണിയോടെ രഹസ്യമായി തൃശൂര്‍ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകനൊപ്പമാണ് സതികുമാറെത്തിയത്.വേളാങ്കണ്ണിയിലായിരുന്നു കഴിഞ്ഞ 24 ദിവസം കഴിഞ്ഞത്.മുമ്പ് അറസ്റ്റിലായ നൃത്താധ്യാപകരായ സൂരജ്,ജോബി എന്നിവരുള്‍പ്പെടെ വലിയ സംഘം വ്യാജ അപ്പീലിനു പിന്നിലുണ്ടെന്നാണ് സതികുമാറിൻറെ വാദം.
മകള്‍ക്ക് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനാണ് ഇവരുമായി ബന്ധപ്പെട്ടത്.കേസില്‍ തനിക്ക് പങ്കില്ലെന്നും സതികുമാര്‍ വ്യക്തമാക്കി.സതികുമാറിൻറെ ജാമ്യാപേക്ഷ തിങ്കഴാഴ്ച പരിഗണിക്കും.സതികുമാറിനെ കസ്റ്റഡിയില്‍ കിട്ടാൻ ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കി.സതികുമാറിനെ ചോദ്യം ചെയ്താല്‍ മാത്രമേ ബാലാവകാശ കമ്മീഷനിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവരുടെ പങ്കിനെ കുറിച്ച് വ്യക്തമാകൂ.