നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡിനെക്കുറിച്ച് വ്യാജപ്രചരണം

By Web DeskFirst Published Dec 3, 2016, 7:08 PM IST
Highlights

ദോഹ: സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്കായി അനുവദിക്കുന്ന  നോര്‍ക റൂട്‌സ് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് തെറ്റിധാരണകള്‍ പ്രചരിപ്പിക്കുന്നതായി ആരോപണം. ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അംഗത്വ കാമ്പയിന്‍ സജീവമാകുന്നതിനിടെയാണ് നോര്‍ക കാര്‍ഡിനെതിരെ തെറ്റിധാരണകള്‍ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നോര്‍ക റൂട്‌സിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന തരത്തിലാണ് ചില സംഘടനാ നേതാക്കളും മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

നോര്‍ക റൂട്‌സില്‍ അംഗത്വമെടുക്കുന്ന പ്രവാസികള്‍ക്ക് ന്യൂ ഇന്ത്യ അഷൂറന്‍സുമായി ചേര്‍ന്ന് രണ്ടുലക്ഷം രൂപ വരെ അപകട ഇന്‍ഷൂറന്‍സ് ലഭിക്കുമെന്നിരിക്കെ തെറ്റായ പ്രചാരണം നടത്തുന്നത് പ്രവാസികള്‍ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യക്ക് പുറത്ത് റെസിഡന്‍സ് വിസയുള്ള ആര്‍ക്കും മുന്നൂറു രൂപ നല്‍കി അംഗത്വ ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ നോര്‍ക്ക റൂട്‌സില്‍ മൂന്നു വര്‍ഷത്തേക്ക് അംഗത്വം ലഭിക്കും . കാര്‍ഡിന്റെ കാലാവധി കഴിയുന്നതിനു മുമ്പ് നാട്ടിലോ വിദേശത്തോ വെച്ച് മരണം സംഭവിക്കുകയോ അപകടത്തില്‍ പരിക്കേല്‍ക്കുകയോ ചെയ്താല്‍ പരമാവധി രണ്ടു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. നോര്‍ക റൂട്‌സിന്റെ തിരുവനന്തപുരത്തെ ഓഫീസും ഇക്കാര്യം സ്ഥിരീകരിക്കുന്നു. സത്യം ഇതായിരിക്കെ നിലവില്‍ അംഗത്വ പ്രചാരണത്തിനായി കാമ്പയിന്‍ സംഘടിപ്പിക്കുന്ന സംഘടനകള്‍ക്കും  ആനുകൂല്യങ്ങളെ കുറിച്ചു കൃത്യമായ അറിവില്ലാത്തത് തെറ്റായ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

കാലാവധിയുള്ള നോര്‍ക കാര്‍ഡും റസിഡന്‍സ് വിസയുമുള്ള പ്രവാസികള്‍ക്കാണ് ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കുക. അതേസമയം, നോര്‍ക അംഗത്വ കാര്‍ഡിന്റെ പ്രയോജനങ്ങളെ കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതിനാല്‍ പ്രതിവര്‍ഷം പത്തു പേര്‍ മാത്രമാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതെന്നും നോര്‍ക്ക റൂട്‌സ് ഓഫീസ് അറിയിച്ചു.

click me!