
ചണ്ഡിഗഡ്: നഗരത്തിലെ സർക്കാർ ആശുപത്രിയിൽ സ്വകാര്യ–പൊതു പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഹൃദയാരോഗ്യകേന്ദ്രത്തിലെ കാർഡിയോളജിസ്റ്റ്. നടത്തിയത് 50 ഹൃദയശസ്ത്രക്രിയകൾ. ഹരിയാനയിലെ ഫരീദാബാദിൽ ഡോക്ടറായ പങ്കജ് മോഹൻ ശർമക്ക് രോഗികളേറെയാണ്. പക്ഷേ ഡോക്ടർ വ്യാജൻ. എംബിബിഎസ് ഡോക്ടറായ പങ്കജ് മോഹൻ ശർമ കാർഡിയോളജിസ്റ്റായി ചമഞ്ഞ് ഹൃദയശസ്ത്രക്രിയകൾ നടത്തിയതായി പൊലീസ് കണ്ടെത്തി. യഥാർഥ ഡോക്ടറെ ഒരു രോഗി കണ്ടുമുട്ടിയതോടെയാണു തട്ടിപ്പ് വെളിയിൽ വന്നത്.
ഒരു കാർഡിയോളജിസ്റ്റിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വരികയായിരുന്നു പങ്കജ് എന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഇതേ രജിസ്ട്രേഷൻ നമ്പരുള്ള യഥാർഥ ഡോക്ടറെ ഒരു രോഗി കണ്ടുമുട്ടിയതോടെയാണ് എംബിബിഎസ് ഡോക്ടറുടെ തട്ടിപ്പ് പുറത്തായത്. എംബിബിഎസ് ഡിഗ്രിയുള്ള പങ്കജ് ശർമക്ക് ഹൃദയശസ്ത്രക്രിയകൾ ചെയ്യാൻ അനുമതിയില്ല. എന്നാൽ തന്റെ പ്രിസ്ക്രിപ്ഷൻ പാഡിൽ കാർഡിയോളജിയിൽ ഡിഎൻബി ബിരുദമുണ്ടെന്ന് ഇയാൾ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ യോഗ്യതകൾ കാണിച്ചാണ് ഇയാൾ ഹൃദയാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചത്. ഇയാൾ ശസ്ത്രക്രിയ നടത്തിയ പല രോഗികൾക്കും തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരി വരെയാണ് പങ്കജ് ഹൃദയ സംബന്ധമായ രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.