
റെയ്ഡ് നടത്തിയ പൊലീസുകാരെപ്പോലും അത്ഭുതപ്പെടുത്തി തലശ്ശേരിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം. കാലിക്കറ്റ് സര്‍വ്വകലാശാലയടക്കം പന്ത്രണ്ടിലധികം സര്‍വ്വകലാശാലകളുടെ മാര്‍ക്ക്‍ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും പ്രിന്റിംഗ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രത്തിന്റെ മറവിലായിരുന്നു കണ്ണൂര്‍ പിണറായി സ്വദേശി അജയന്‍ വ്യാപകമായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം നടത്തി വന്നിരുന്നത്.
വ്യാജ സജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിന് പിടിയിലായ അജയന്‍ ചില്ലറക്കാരനല്ല. വിശ്വഭാരത് ഗുരുകുല്‍ വിദ്യാപീഠം എന്ന പേരില്‍ സ്വന്തമായി സര്‍വ്വകലാശാലയൊക്കെ ഉള്ളയാളാണ്. പക്ഷെ വ്യാജനാണെന്ന് മാത്രം. ഇത് മാത്രമല്ല, രാജ്യമെമ്പാടുമുള്ള ഏത് സര്‍വ്വകലാശാലയുടെയും ബിരുദ - ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ അജയനെ കണ്ടാല്‍ നിമിഷനേരം കൊണ്ട് കൈയിലെത്തുമെന്ന് പൊലീസ്. റീജിയണല്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സര്‍വ്വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കേന്ദ്രമെന്ന മറവില്‍ ഒരു കൊച്ചുമുറിയില്‍ വെച്ചാണ് ഇത്രയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അജയന്‍ അച്ചടിച്ച് നല്‍കിയിരുന്നത്. ഇന്റര്‍നെറ്റ് നോക്കി ലോഗോയും മറ്റും കണ്ട് പഠിച്ചാണ് ഹോളോഗ്രാമും സീലുമടക്കം നിര്‍മ്മാണം. വൈസ് ചാന്‍സലറുടേതടക്കം ഏത് ഒപ്പും അജയന് വഴങ്ങും. അജയനൊപ്പം ടിന്റു .പി ഷാജി എന്ന വനിതയേയും കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്ഥാപനത്തിലെ തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് വനിതാ ജീവനക്കാര്‍ തന്നെ നല്‍കിയ പരാതിയാണ് ഇവരെ കുടുക്കിയത്. എസ്എസ്എല്‍സി യോഗ്യത മാത്രമുള്ള അജയന്‍ നേരത്തെ എല്‍പിസ്കൂള്‍ അധ്യാപകനായി വേഷമിട്ടിരുന്നെങ്കിലും അവിടെ നിന്നു പുറത്താക്കപ്പെട്ട ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിലേക്ക് തിരിയുന്നത്. നാല് വീടുകളടക്കം അജയനുണ്ടാക്കിയ സ്വത്തുക്കളുടെ സ്രോതസ്സും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam