ജയിലിലെ സൗഹൃദം നോട്ടടി കേന്ദ്രം നട‌ത്തിപ്പിലേക്ക്: ഉപയോഗിച്ചത് ഹൈടെക്ക് വിദ്യ !

By Web DeskFirst Published Nov 9, 2017, 5:01 PM IST
Highlights

കോഴിക്കോട്: കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് പിടിയിലായ കള്ളനോട്ടടി സംഘത്തിന് ആശയം വളര്‍ന്ന് വന്നത് ജയില്‍വാസത്തിനിടെയുള്ള സൗഹൃദത്തില്‍. കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞവരുടെ സൗഹൃദവും കൂട്ടായ്മയും വളർന്ന്  സ്വന്തമായി കമ്മട്ടം (നോട്ടടി കേന്ദ്രം) തുടങ്ങുന്നതിലെത്തുന്നു. കഴിഞ്ഞ ദിവസം കൊടുവള്ളി പൊലീസ് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്ത  കോട്ടയം പൂഞ്ഞാര്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ജോസഫ് എന്ന ഗോള്‍ഡ് ജോസഫിനും (46) സംഘവും ഒരുമിച്ച് ജയില്‍വാസമനുഭവിച്ചവരാണ്.

ഗോള്‍ഡ് ജോസഫിനൊപ്പം മരുമകൻ പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ വിപിന്‍(22)‍, കാഞ്ഞങ്ങാട് ബളാല്‍ കല്ലംചിറ സ്വദേശി മുക്കൂട്ടില്‍ ഷിഹാബ് (34) എന്നിവരെയാണ് ബംഗളൂരുവിലെ ഹൊസൂരില്‍ നിന്നും പൊലീസ് പിടികൂടുന്നത്. കോഴിക്കോട് എളേറ്റില്‍ വട്ടോളിയിലെ പെട്രോള്‍ ബങ്കില്‍ ഇന്ധനം നിറച്ച ശേഷം 500 രൂപയുടെ കള്ളനോട്ട് നല്‍കിയ കേസില്‍ പൂനൂര്‍ പെരിങ്ങളംവയല്‍ സ്വദേശി പറയരുകണ്ടി സാബു(46)വിനെ ബങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് അറസ്റ്റു ചെയ്തിരുന്നു.

ഇയാളില്‍ നിന്നും ഇയാളുടെ സ്ഥാപനത്തിൽ നിന്നുമായി നൂറിലധികം കള്ളനോട്ടുകള്‍ പൊലീസ് കണ്ടെടുത്തു. വിദഗ്ധമായി കള്ളനോട്ടടിച്ച് വിരണം നടത്തുന്ന സംഘത്തിന്‍റെ മാസ്റ്റര്‍ ബ്രെയിന്‍ ഗോള്‍ഡ് ജോസഫ് ആയിരുന്നു. മുൻപ് പ്രിന്‍റിങ് പ്രസിൽ ജോലി ചെയ്തതും സ്ക്രീൻ പ്രിന്‍റിങും നടത്തിയുള്ള പരിചയം മറ്റുള്ളവരിൽ വിശ്വാസമുണ്ടാക്കി.  തിരിച്ചറിയാത്ത വിധം പുതിയ അഞ്ഞൂറിന്‍റെയും രണ്ടായിരത്തിന്‍റെയും കള്ള നോട്ടുകള്‍ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി അതി സമര്‍ഥമായി വിപണിയിലെത്തിച്ചു.

നോട്ട് നിരോധനം കഴിഞ്ഞ് പുതിയ നോട്ടുകൾ വിനിമയം തുടങ്ങിയ കാലത്ത് തന്നെ ഇവരുടെ ആസൂത്രണം ആരംഭിച്ചിരുന്നു.  എച്ച്പി കമ്പനിയുടെ ഹൈടെക് പ്രിന്‍റർ, ലാപ്‌ടോപ്പ്, സ്‌കാനര്‍, ലാമിനേഷന്‍ മെഷീന്‍, സ്‌ക്രീന്‍ പ്രിന്‍റിങ്ങിനള്ള ഉപകരണം, പ്രിന്‍റിങ് മഷി, നിരവധി കളര്‍ കാട്രിഡ്ജ് ,നോട്ടിലെ സെക്യൂരിറ്റി സിംബലുകള്‍ പ്രിന്‍റ് ചെയ്യുന്നതിനുള്ള പ്രത്യേക ഫോയില്‍ ബട്ടര്‍ പേപ്പറുകള്‍, മറ്റു കെമിക്കലുകള്‍ തുടങ്ങിയവയെല്ലാം വിവിധ ഭാഗങ്ങളില്‍ നിന്നായാണ് ജോസഫ് ശേഖരിച്ചത്.

 ബാംഗളൂര്‍ നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള കുഗ്രാമമായ ചന്ദാപുരക്കടുത്ത് രാംസാഗര ഗ്രാമത്തില്‍ മാസം 4000 രൂപകൊടുത്ത് വാടകവീടെടുത്താണ് കള്ളനോട്ടടി  കേന്ദ്രമാക്കിയത്. കറന്‍സി നോട്ടിലെ സെക്യൂരിറ്റി ത്രഡ്,നോട്ടില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ കാണുന്ന ഗാന്ധിജിയുടെ ചിത്രം (വാട്ടർമാർക്ക്) എന്നിവ പ്രിന്‍റ് ചെയ്യുന്നതിന് അതി സങ്കീര്‍ണ്ണമായ ടെക്‌നിക്കുകളാണ് ഉപയോഗപ്പെടുത്തിയത്. ഗാന്ധിജിയുടെ ചിത്രം വാട്ടര്‍മാര്‍ക്കിലൂടെ കറന്‍സിയില്‍ പ്രിന്‍റ് ചെയ്യാന്‍ സ്‌ക്രീന്‍ പ്രിന്‍റിങ് ടെക്‌നോളജിയില്‍ ഉപയോഗപ്പെടുത്തുന്ന വിദേശനിര്‍മ്മിത തുണിയായ മെഷും ബട്ടര്‍ പേപ്പറും മറ്റുകെമിക്കലുകളും ഉപയോഗപ്പെടുത്തിയായിരുന്നു പ്രിന്‍റിങ്. 

പുതിയ കറന്‍സിനോട്ടുകളിലെ സെക്യൂരിറ്റി ത്രെഡായ പച്ചവര പ്രിന്‍റ് ചെയ്യാന്‍ പച്ചക്കളറിലുള്ള പ്രത്യേക ഫോയില്‍ പേപ്പറുകള്‍ ഹീറ്റര്‍ ഉപയോഗിച്ച് നിശ്ചിത താപത്തില്‍ ചൂടാക്കിലാമിനേറ്റ് ചെയ്താണ്പതിപ്പിച്ചത്. ഗോള്‍ഡ് ജോസഫ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ പ്രിന്‍റിങ് പ്രസില്‍ ജോലി ചെയ്തപ്പോള്‍ ആര്‍ജിച്ചെടുത്ത വിദ്യകളും കൂടാതെ നിരവധി പരീക്ഷണ നിരീക്ഷണങ്ങളും നടത്തിയാണ് നോട്ടടിയുടെ പരിപൂര്‍ണ്ണതയിലെത്തിച്ചത്. നോ‌ട്ട‌‌ടിയുടെ സാങ്കേതികത പുറത്തറിയാതിരിക്കാനാണ് സഹോദരിയുടെ മകൻ(മരുമകൻ) വിപിനിനെ കൂടെ കൂട്ടിയത്. ഹൊസൂരിലെത്തി ആവശ്യത്തിന് നോട്ടടിച്ച് മടങ്ങുകയായിരുന്നു ഇവരുടെ രീതി. 

പരിസരവാസികൾക്കോ വീടിന്‍റെ ഉടമക്കൊ യാതൊരു സംശയം ഇല്ലാത്തതരത്തിലാണ് കേന്ദ്രം നടത്തി വന്നിരുന്നത്. അറസ്റ്റിലായ ഷിഹാബിനായിരുന്നു നോട്ടിന്‍റെ മാർക്കിറ്റിങ്ങിന്‍റെ ചുമതല. വരും ദിവസങ്ങളിൽ അറസ്റ്റിലായ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തും. സംസ്ഥാനത്തിനും പുറത്തും 2000, 500 രൂപയുടെ കള്ള നോട്ടുകൾ ഇവർ വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

പ്രതികളായ ഗോൾഡ് ജോസഫ്, ശിഹാബ് എന്നിവര്‍ 2015ല്‍ കള്ളനോട്ടു കേസില്‍ കോഴിക്കോട് കസബ പൊലീസ് പിടികൂടുകയും നാലുമാസത്തെ റിമാന്‍റ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങി കള്ളനോട്ടടിയില്‍ ഏര്‍പ്പെടുകയായിരുന്നു. ഇപ്പോള്‍ പിടിയിലായ മൂന്നുപേരും കഴിഞ്ഞ ജൂണില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കള്ളനോട്ടു കേസില്‍ പൊലീസ് തിരയുന്നവരാണ്.

click me!