'കേരള സ്റ്റോറി' പോലുള്ള പ്രൊപ്പഗണ്ട സിനിമകൾക്കെതിരെ എ എ റഹീം എംപി. വെറുപ്പ് വിതയ്ക്കുന്നതിന് മുൻപ് കേരളത്തിന്റെ യഥാർത്ഥ ജീവിതം വന്ന് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കേരള സ്റ്റോറി പോലെയുള്ള പ്രൊപ്പഗണ്ട സിനിമകളെടുക്കുന്നവർ ഒരിക്കലെങ്കിലും ഈ നാട്ടിൽ വരണമെന്ന് എ എ റഹീം എംപി. ഒഴുകുന്ന പുഴ പോലെ തെളിമയുള്ള ഈ നാടിന്റെ മനസ് കാണണം. വെറുപ്പ് വിതച്ചും വിദ്വേഷ കഥകൾ മെനഞ്ഞും ഈ കൊച്ചു കേരളത്തെ അപമാനിക്കാൻ പരിശ്രമിക്കുന്നതിന് മുൻപ്, മലയാള നാടിന്റെ ജീവിത യാഥാർത്ഥ്യങ്ങളെ കുറിച്ച് മനസ്സിലാക്കാനെങ്കിലും ശ്രമിക്കണം. അമ്പലവും പള്ളിയും തൊടുതൊട്ടു സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം പാളയത്തെ ചിത്രം പങ്കുവച്ചാണ് എ എ റഹീമിന്‍റെ പോസ്റ്റ്.
എ എ റഹീം കുറിച്ചത്...
"പ്രൊപ്പഗണ്ട സിനിമകളുമായി ഈ മണ്ണിലേക്ക് വരുന്ന മനുഷ്യരോടാണ്, നിങ്ങളൊരിക്കലെങ്കിലും ഈ നാട്ടിലേക്കൊന്ന് വരണം. മതമതിലുകൾക്ക് മുകളിൽ മനുഷ്യത്വം പൂക്കുന്ന, സ്നേഹം കൊണ്ട് അതിരുകൾ തീർത്ത ഈ നാടിന്റെ സ്പന്ദനമറിയണം. ഒഴുകുന്ന പുഴ പോലെ തെളിമയുള്ള ഈ നാടിന്റെ മനസ് നിങ്ങൾ കാണണം. വെറുപ്പ് വിതച്ചും വിദ്വേഷ കഥകൾ മെനഞ്ഞും ഈ കൊച്ചു കേരളത്തെ അപമാനിക്കാൻ പരിശ്രമിക്കുന്നതിന് മുൻപ്, മലയാള നാടിന്റെ ജീവിതയാഥാർത്ഥ്യങ്ങളെ കുറിച്ച് മനസ്സിലാക്കാനെങ്കിലും ശ്രമിക്കണം. ഇത് ദൈവത്തിന്റെ സ്വന്തം നാട് മാത്രമല്ല ഒന്നിച്ചിരുന്ന് ഓണമുണ്ണുന്ന ഞങ്ങൾ മലയാളികളുടെ മാതൃഭൂമി കൂടിയാണ്. നിങ്ങൾക്കുള്ള മറുപടി നൽകാൻ ഈ ചിത്രം തന്നെ ധാരാളം...
ദ കേരള സ്റ്റോറി 2 നെതിരെ മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സിനിമയുടെ ഒന്നാം ഭാഗം കേരളവിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമ്മിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. . 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ `ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.


