നിപ ബാധയെക്കുറിച്ച് വ്യാജസന്ദേശം: കൂടുതൽ പേർ അറസ്റ്റിൽ

By Web DeskFirst Published Jun 3, 2018, 6:58 PM IST
Highlights
  • കോഴിയില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നും ഒരറിയിപ്പുണ്ടാകുന്നത് വരെ കോഴിയിറച്ചി കഴിക്കരുതെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അഞ്ച് പേരാണ് ഇന്ന് അറസ്റ്റിലായത്.

കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച അ‌ഞ്ച് പേര്‍ കൂടി ഇന്ന് അറസ്റ്റിലായി. ഇതോടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 13 പേരാണ് പിടിയിലായത്. ഇനിയും അറസ്റ്റുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

കോഴിയില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നും ഒരറിയിപ്പുണ്ടാകുന്നത് വരെ കോഴിയിറച്ചി കഴിക്കരുതെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അഞ്ച് പേരാണ് ഇന്ന് അറസ്റ്റിലായത്. മൂവാറ്റുപുഴ സ്വദേശികളായ അന്‍സാര്‍, ഫെബിന്‍, അന്‍ഷാജ്, ഷിഹാബ് എന്നിവരേയും ഫറോക്ക് സ്വദേശി അബ്ദുല്‍ അസീസിനേയും നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ ഇന്നലെ മീഞ്ചന്ത സ്വദേശി മുഹമ്മദ് ഹനീഫയും അറസ്റ്റിലായിരുന്നു.

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ വ്യാജ ഉത്തരവാണ് ഇവര്‍ പ്രചരിപ്പിച്ചത്. അതേസമയം വ്യാജ ഉത്തരവ് ഉണ്ടാക്കിയ ആളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒരു ഗള്‍ഫ് രാജ്യത്ത് നിന്നാണ് ഇതുണ്ടാക്കിയതെന്നാണ് സൂചന.

നല്ലൂര്‍ പ്രദേശത്ത് നിപ ബാധയുണ്ടന്ന വ്യജ ശബ്ദ സന്ദേശം വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ച അഞ്ച് പേരെ കഴിഞ്ഞ ദിവസം ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  വ്യജ ശബ്ദ സന്ദേശം തയ്യാറാക്കിയ വൈഷ്ണവ്, ഇത് പ്രചരിപ്പിച്ച ബിവിജ്, നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ് എന്നിവരാണ് അറസ്റ്റിലായത്. നല്ലൂര്‍ സ്വദേശികളാണ് ഇവരെല്ലാം.

നിപയെ തുടര്‍ന്ന് ഹൈലൈറ്റ് മാള്‍ പൂട്ടിയെന്ന് പ്രചരിപ്പിച്ച രണ്ട് പേരെ നല്ലളം പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെറുവാടി സ്വദേശി ഫസലുദ്ദീന്‍, അരീക്കാട് സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്. ശബ്ദ സന്ദേശമാണ് ഇവരും പ്രചരിപ്പിച്ചത്. നിപയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ പോലീസ് അന്വേഷണം തുടരുകയാണ്.

click me!