അനാഥയായ നേപ്പാള്‍ സ്വദേശിനി ദുർഗ കാമിക്കാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളം കരുതലൊരുക്കിയത്. ഇപ്പോള്‍ ഒരു അനുജന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു.
കൊച്ചി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി 22 വയസുകാരി ദുർഗ കാമിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ദുർഗാ കാമിയുടെ സഹോദരൻ തിലകുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും കൂടിക്കാഴ്ച നടത്തി. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി നല്ല നിലയില്‍ മെച്ചപ്പെടുന്നുണ്ട്. ഡോക്ടര്‍മാരുമായി മന്ത്രി ആശയവിനിമയം നടത്തി. മികച്ച ചികിത്സ തന്നെ നല്‍കുന്നു എന്ന് ടീം ഉറപ്പാക്കുന്നുണ്ടെന്നും ജനറല്‍ ആശുപത്രി ടീമിനെ പിന്തുണച്ചുകൊണ്ട് വിദഗ്ധരുടെ ടീം ദിവസവും രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ജനറല്‍ ആശുപത്രി ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി സന്ദർശനത്തിന് ശേഷം അറിയിച്ചു.
രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 ) ഹൃദയമാണ് മാറ്റിവച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ഈ കാലയളവില്‍ ഇവിടെ സാധ്യമാക്കി. ഇതിന് പിന്നാലെയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
അനാഥയായ നേപ്പാള്‍ സ്വദേശിനി ദുർഗ കാമിക്കാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളം കരുതലൊരുക്കിയത്. ഇപ്പോള്‍ ഒരു അനുജന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു. ഈ പെണ്‍കുട്ടിയ്ക്കും ഇതേ അസുഖമായിരുന്നു. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അനാഥാലയത്തിലായിരുന്നു ദുർഗാ കാമിയും സഹോദരൻ തിലകും കഴിഞ്ഞിരുന്നത്. വന്‍ ചികിത്സാ ചെലവ് കാരണമാണ് അവര്‍ കേരളത്തിലെത്തിയത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്.
2021 ഡിസംബറിലാണ് ആദ്യ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്നത്. ഇന്ന് ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ അടിസ്ഥാന സൗകര്യം ക്രമീകരിക്കുന്നത് മുതല്‍ പിന്നീടിങ്ങോട്ട് ഓരോ ഘട്ടവും കെ സോട്ടോ ലൈസന്‍സ് നേടിയതുള്‍പ്പടെ മനസ്സില്‍ നിറഞ്ഞതായി മന്ത്രി കുറിച്ചു. അന്നത്തെ ടീം അംഗങ്ങളില്‍ പലരും ഇന്ന് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് ടീം ലീഡ് ചെയ്യുന്നുണ്ട്. ഡോ. ജോര്‍ജ് വാളൂരാന്‍, ഡോ. ജിയോ പോള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം മുതൽ ഉള്ളവരാണ്.


