യുവമോര്‍ച്ച നേതാവിന്‍റെ കള്ളനോട്ടടി: ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാകുന്നു

By Web DeskFirst Published Jun 23, 2017, 8:18 PM IST
Highlights

തൃശൂര്‍: മതിലകത്ത് യുവമോര്‍ച്ച നേതാവിന്‍റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടും കണ്ടെടുത്ത സംഭവം ബിജെപിക്കെതിരെയുളള പ്രധാന രാഷ്ട്രീയ ആയുധമാകുന്നു.കേസന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.കേസില്‍ കൂടുതല് ബിജെപി നേതാക്കളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം.കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് രാജേഷ് ഏരാച്ചേരിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 തൃശൂര്‍ മതിലകത്തിനു സമീപം അഞ്ചാംപരത്തിയില്‍ യുവമോര്‍ച്ച എസ്എൻപുരം കിഴക്കൻമേഖല പ്രസിഡന്‍റ്  രാജേഷ് ഏരാച്ചേരിയുടെ വീട്ടില്‍ നിന്നും കള്ളനോട്ടടി യന്ത്രവും ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും പൊലീസ് പിടിച്ചെടുത്തത്. ഇയാളുടെ സഹോദരനും ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ രാജീവ് ഏരാച്ചേരിയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് നിഗമനം.

ഈ സാഹചര്യത്തില്‍ കള്ലനോട്ട് കേസ് അന്വേഷണം ഇവരിലേക്ക് മാത്രം ഒതുക്കരുതെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ലക്ഷകണക്കിന് രൂപ മുടക്കി ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും പല പരിപാടികളും എങ്ങനെ നടത്തുന്നുവെന്ന് അന്വേഷിക്കണം.

വൻ പലിശയ്ക്ക് പണം  കടം കൊടുക്കുന്നതുള്‍പ്പെടെ നിരവധി ഇടപാടുകള്‍ രാജേഷും രാജീവും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.വീട്ടില്‍ അടിച്ചുണ്ടാക്കുന്ന കള്ളനോട്ടുകള്‍ ബാങ്കിലും പെട്രോള്‍ പമ്പിലുമാണ് ഇവര്‍ മാറിയിരുന്നത്. അതിനിടയില്‍ രാജീവും സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കളും നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും മതിലകം പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 

click me!