
ചെന്നൈ: വാട്സ്ആപ് വഴി പ്രചരിച്ച അജ്ഞാത സന്ദേശങ്ങള്‍ വിശ്വസിച്ച് തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ ജനക്കൂട്ടം രണ്ട് പേരെ തല്ലിക്കൊന്നു. ഉത്തരേന്ത്യയില്‍ നിന്നെത്തുന്നവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന സന്ദേശമാണ് വാട്സ്ആപ് വഴി പ്രചരിക്കുന്നത്. ഇത് വിശ്വസിച്ച് പലയിടങ്ങളിലും നാട്ടുകാര്‍ പരിഭ്രാന്തരുമാണ്. കൊല്ലപ്പെട്ട രണ്ട് പേര്‍ക്ക് പുറമെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്
ബുധനാഴ്ച പുലിക്കട്ടില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയെന്ന് സംശയിച്ച് യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജീവന്‍ നഷ്‌ടമായപ്പോള്‍ ഇയാളെ ഒരു പാലത്തില്‍ കെട്ടിത്തൂക്കിയെന്നും പൊലീസ് പറയുന്നു. ഇതിന് പുറമെ കുടുംബ ക്ഷേത്രത്തില്‍ ബന്ധുക്കള്‍ക്കൊപ്പം പൂജയ്‌ക്കായി വന്ന രുക്മിണി എന്ന സ്‌ത്രീയാണ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിലെ പൂജയ്‌ക്ക് ശേഷം വാഹനം നിര്‍ത്തി ഗ്രാമത്തിലെ കുട്ടികള്‍ക്ക് മിഠായി നല്‍കുമ്പോഴായിരുന്നു ആക്രമണം. മിഠായി നല്‍കി കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് പറഞ്ഞാണ് 30ഓളം പേര്‍ ഇവരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും ജനക്കൂട്ടം തയ്യാറായില്ലെന്ന് രുക്മിണിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാല് പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്.
നേരത്തെയും ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ തമിഴ്നാട്ടില്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടിട്ടുണ്ട്. നാളുകളായി പ്രചരിക്കുന്ന വീഡിയോയിലുള്ള പലതും അസത്യമാണെന്ന് പൊലീസ് പലതവണ അറിയിച്ചിട്ടുള്ളതാണ്. ഇത്തരത്തില്‍ വ്യക്തികളെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam