കാണാം... തൃശൂരിലെ ലോകകപ്പ് നടക്കുന്ന പറമ്പ്...

By Web DeskFirst Published Jul 7, 2018, 9:25 AM IST
Highlights
  • നിരവധി പേരാണ് വര്‍ഗീസ് തരകനെന്ന കര്‍ഷകന്‍റെ പറമ്പ് കാണാനെത്തുന്നത്

തൃശൂര്‍: ലോകകപ്പ് ടീമുകളായ 32 രാജ്യങ്ങളെയും ഒറ്റയടിക്ക് കാണണമെങ്കില്‍ തൃശൂര്‍ സ്വദേശി വര്‍ഗീസ് തരകന്റെ വീട്ടിലെത്തിയാല്‍ മതി. ഫുട്‌ബോള്‍ ലഹരി തലയ്ക്ക് പിടിച്ച ആരാധകര്‍ ആരാധന കാണിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ വര്‍ഗീസ് തന്റെ പറമ്പില്‍ പ്ലാവിന്‍ തൈകള്‍ നടുകയായിരുന്നു. വെറുതേയല്ല, ഓരോ പ്ലാവിന്‍ തൈയ്ക്കും ലോകകപ്പിലെ ഓരോ രാജ്യത്തിന്റേയും പേരാണ്. 

അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്.....  എന്തിന്, മത്സരിക്കാത്ത ഇന്ത്യയുടെ പേരില്‍ വരെ തൈ നട്ടിട്ടുണ്ട്. ജയമോ പരാജയമോ വര്‍ഗീസിന് ഒരു ഘടകമല്ല. അടുത്ത ലോകകപ്പ് കാലമാകുമ്പോഴേക്ക് എല്ലാ മരവും കായ്ക്കാന്‍ തുടങ്ങിയാല്‍ മതി. 

പ്ലാവിനോടും ചക്കയോടുമുള്ള പ്രേമം വര്‍ഗീസിന് മുമ്പേയുള്ളതാണ്. 5 ഏക്കറിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടി ഒരു വര്‍ഷം മുമ്പാണ് വര്‍ഗീസ് 'ആയൂര്‍ ജാക്ക്' എന്ന പ്രത്യേക ഇനത്തിലുള്ള പ്ലാവുകള്‍ പറമ്പില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്. ഒന്നര വര്‍ഷം കൊണ്ട് ഈ ഇനത്തിലുള്ള മരം കായ്ക്കും. കൊല്ലത്തില്‍ എല്ലാ ദിവസവും ഫലവും തരും. 

വര്‍ഗീസിന്റെ ലോകകപ്പ് സ്‌പെഷ്യല്‍ പ്ലാവിന്‍ കൃഷി കാണാന്‍ നിരവധി പേരാണ് ഇതിനോടകം തൃശൂരിലെത്തിയത്.


 

click me!