
കോഴിക്കോട് ചെമ്പനോടയില്‍ ജോയ് എന്ന കര്‍ഷകന്‍ ഇക്കഴിഞ്ഞ ജൂണിലായിരുന്നു വില്ലേജ് ഓഫീസില്‍ കയറി ആത്മഹത്യ ചെയ്തത്. ആത്മഹത്യയും വില്ലേജ് അസിസ്റ്റന്റ് ഓഫീസറുടെ അറസ്റ്റും വിവാദങ്ങളുമെല്ലാം കെട്ടടങ്ങി. ഒരു നഷ്ട സ്വപ്‌നത്തോടെ ജോയിയുടെ ഭാര്യ മോളി ഇന്നും നിറകണ്ണുകളോടെ ചെമ്പനോടയിലെ വീട്ടില്‍ ജോയിയുടെ ഫോട്ടോ നോക്കി പറയുകയാണ് ആത്മഹത്യക്കു പിന്നിലെ യഥാര്‍ത്ഥ കാരണം.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫീസിന് മുന്നിലാണ് തോമസ് കാവില്‍പുരയിടത്തില്‍ ജോയി(57)യെ വൈകിട്ട് എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വില്ലേജ് ഓഫീസില്‍ ഭൂമിയുടെ നികുതി അടയ്ക്കുന്നതിനായി കയറിയിറങ്ങുകയായിരുന്നു അദ്ദേഹം. നികുതി അടയ്ക്കാന്‍ ചെല്ലുമ്പോള്‍ ചില കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കും. ഇതില്‍ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തത്
തന്റെ ചാച്ചനെ കുറിച്ച് മോളിയുടെ വാക്കുകള്‍ ഇങ്ങനെ...
'മടുത്തിട്ടാണ് ജോയ് ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ തരുന്ന ഒരു കടലാസും ജോയ്ക്ക് പകരം വയ്ക്കാന്‍ കഴിയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ജോയിയുടെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളിലായിരിക്കും. കരമടച്ച രശീതിനായി കയറിയിറങ്ങി നടന്നത് എത്ര നാള്‍? മൂന്നുവര്‍ഷം കൊണ്ട് ശരിയാവത്ത രശീത് ചാച്ചന്റെ മരണ ശേഷം ഒറ്റ ദിവസംകൊണ്ട് എങ്ങനെയാണ് ശരിയായതെന്നും മോളി ചോദിക്കുന്നു. നഷ്ടപ്പെട്ടത് ഞങ്ങള്‍ക്കു മാത്രമാണ്.
മകള്‍ അമ്പിളിയെ നഴ്‌സിംഗിന് വിടാനായി വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനായി സ്ഥലത്തിന്റെ രേഖ അന്വേഷിച്ച് തറവാട് വീട്ടില്‍ എത്തി. അച്ഛന്‍ എഴുതി വെച്ച ഒസ്യത്ത് കാണാനില്ലാത്തതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. അവിടുന്ന് വില്ലേജ് ഓഫീസുകളിലേക്കുള്ള ഓട്ടമായിരുന്നു. ഒസ്യത്തിന്റെ പകര്‍പ്പ് ജോയിക്ക് ലഭിച്ചെങ്കിലും ഒറിജിനല്‍ ഇല്ലാത്തതിനാല്‍ കൈവശാവകാശ രേഖ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച മറുപടി. മറ്റൊരാളുടെ പേരില്‍ ഇഷ്ടദാനം എഴുതിയാല്‍ ഒറിജിനല്‍ ആധാരം ലഭിക്കുമെന്ന് വില്ലേജ് ഓഫീസില്‍ നിന്നാണ് പറഞ്ഞത് . അങ്ങനെ മോളിയുടെ പേരില്‍ തന്റെ സ്വത്തുക്കളെല്ലാം എഴുതുകയായിരുന്നു. ഇവിടെയും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. കരമടക്കാന്‍ ചെന്നപ്പോള്‍ പിന്നെയും ഓരോ ന്യായങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. താന്‍ സര്‍വീസിലിരിക്കുമ്പോള്‍ കരമടയ്ക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു വില്ലേജ് അസിസ്റ്റന്റ് സലീഷ് തോമസിന്റെ മറുപടി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ നാലുമാസം മുന്‍പ് വില്ലേജ് ഓഫീസില്‍ പോയി ആത്മഹത്യാ ഭീഷണി മുഴക്കി. ഓഫീസര്‍ക്ക് ആത്മഹത്യ കുറിപ്പ് കൈമാറി. എന്നിട്ടു പോലും അവര്‍ ചാച്ചനെ വഴിനീളെ നടത്തിക്കുകയായിരുന്നു. ഇതില്‍ മനം നൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്ന് മോളി പറയുന്നു.മാധ്യമം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോയിയുടെ മരണകാരണം വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam