പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും. ഇന്നലെ രാത്രി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് അച്ഛൻ അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.

Add Asianetnews as a Preferred SourcegooglePreferred

കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് ഒരാൾ കണ്ടിരുന്നു. പിന്നീട് വിവരം ഇല്ല. സമീപത്തെ രണ്ട് വീടുകൾ അല്ലാതെ സുഹാന് മറ്റ് വീടുകൾ പരിചയം ഇല്ല. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാന്‍റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാന് വേണ്ടി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഫയർ ഫോഴ്സ് വീട്ടുപരിസരത്തെ കുളത്തില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. സുഹാന്‍റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു.

YouTube video player