എക്സ്പ്രസ് വേ ചെങ്കടലായി; സമവായത്തിന് സര്‍ക്കാര്‍

By Web DeskFirst Published Mar 11, 2018, 3:59 PM IST
Highlights
  • എക്സ്പ്രസ് വേ ചെങ്കടലായി; സമവായത്തിന് സര്‍ക്കാര്‍

മുംബൈ: കര്‍ഷകരോക്ഷം ചെങ്കടലായി മഹാനഗരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. വൈകുന്നേരത്തോടെ മുംബൈ നഗര ഹൃദയത്തിലേക്ക് കിസാന്‍ സഭയുടെ ബഹുജന റാലി പ്രവേശിക്കും. അതേസമയം  മഹാരാഷ്ട്രയിൽ സമരം ചെയ്യുന്ന കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ അറിയിച്ചു. സിപിഎമ്മിന്റെ കർഷക സംഘടനയായ കിസാൻസഭയുടെ നേതൃത്വത്തിൽ നാളെ സമരക്കാർ മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കും. 

കനത്ത വെയിലിനെ അവഗണിച്ച് കിലോമീറ്ററുകളോളം നടന്നും ഒരുമിച്ച് ഉണ്ടുറങ്ങിയും വാദ്യമേളങ്ങള്‍ വായിച്ചും പാട്ടുപാടിയുമുളള കർഷകരുടെ പ്രതിഷേധം രാജ്യശ്രദ്ധയിലേക്കുയർന്നു കഴിഞ്ഞു. നാസികിൽ നിന്നും 200കിലോമീറ്ററോളം നടന്ന് മുംബൈയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ലോങ് മാർച്ച്.

സമരത്തിന് പിന്തുണയേറിയതോടെ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിൻഡെ  സർക്കാരിനെ പ്രതിനിധീകരിച്ച്   സമരക്കാരെ കണ്ടു. സമരക്കാരുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ചർച്ചക്ക് തയ്യാറാണെന്ന് ഏക്നാഥ് ഷിൻഡെ  വ്യക്തമാക്കി. 

നാളെ നിയമസഭ മന്ദിരം ഉപരോധിക്കാനുളള തീരുമാനത്തിൽ മാറ്റമില്ലെന്നാണ് സമരസമതിയുടെ നിലപാട്.  മുഖ്യമന്ത്രിയുമായുളള ചർച്ചയക്ക് ശേഷം തുടർ പരിപാടികൾ തീരുമാനിക്കുമെന്നും സമരസമിതി വ്യക്തമാക്കി.

ഈസ്റ്റേൺ എക്സ്പ്രസ് വേയിലൂടെയായിരിക്കും സമരക്കാർ മുംബൈയിലേക്ക് കടക്കുക. സമരത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷ ശക്തമാക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  കേന്ദ്ര സംസ്ഥാന അവലംബിച്ചു വരുന്ന കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെയാണ് കര്‍ഷകരെ അണി നിരത്തി ലോങ് മാര്‍ച്ചിന് തുടക്കം കുറിച്ചത്. 
 

click me!