
പാലക്കാട്: കൊയ്ത്തിനിടെ മഴ നനഞ്ഞ് കുതിർന്ന നെല്ല് ഉണക്കിടെയുക്കാൻ പുതിയ പരീക്ഷണവുമായി പാലക്കാട്ടെ കർഷകർ. സംസ്ഥാനത്ത് ആദ്യമായാണ് നെല്ലുണക്കാനുളള യന്ത്രമെത്തുന്നത്. നെല്ലുണക്കാൻ സ്ഥലസൗകര്യമില്ലാത്ത കർഷകർക്കാണ് യന്ത്രം ഉപകാരപ്പെടുക.
നടീലും കൊയ്ത്തും മാത്രമല്ല.യന്ത്രവത്കൃത കൃഷിയുടെ പുതിയ സാധ്യതയാണ് പാലക്കാട് പരിചയപ്പെടുത്തുന്നത്. കൊയ്തെടുത്ത നെല്ലിൽ ഈർപ്പത്തിന്റെ അളവ് കുറയ്ക്കാൻ യന്ത്രമിറക്കിയുളള പരീക്ഷണം. പരമാവധി 17 ശതമാനമാണ് സപ്ലൈകോ ഉൾപ്പെടെയുളള സംഭരണ ഏജൻസികൾ അനുവദിക്കുന്ന ഈർപ്പത്തിന്റെ തോത്.
നെല്ലിലെ നനവ് കാരണം പലപ്പോഴും കർഷകർക്ക് നഷ്ടം സംഭവിക്കുന്നത് സാധാരണമാണ്. കൊയ്ത്ത് കഴിഞ്ഞ് സംഭരണത്തിനിടെ മഴപെയ്താലും നഷ്ടം. ഇതിന് പരിഹാരം കണ്ടെത്താനുളള അന്വേഷണമാണ് പഞ്ചാബിൽ മാത്രമുളള ഉണക്ക് യന്ത്രം പാലക്കാട്ടെത്തിച്ചത്. ഒന്നര മണിക്കൂറിൽ രണ്ട് ടൺ നെല്ല് ഉണക്കാം. ചെലവ് മണിക്കൂറിന് 2000 രൂപ.
ഇക്കുറി സംഭരണം വൈകിയതോടെ, നെല്ല് ഉണക്കി സൂക്ഷിക്കാനുളള പെടാപ്പാടിന് ഒരു പരിധി വരെ അറുതിയെന്ന് കർഷകര്‍ പറയുന്നു. തമിഴ് നാട്ടിലെ ഏജന്റുമാർ വഴിയാണ് യന്ത്രം പാലക്കാട്ടെത്തിയിരിക്കുന്നത്. പാടശേഖര സമിതികൾ മുൻകൈ എടുത്താൽ സ്വന്തമായി ഉണക്കുയന്ത്രം ഇറക്കാമെന്നാണ് കർഷകർ പറയുന്നത്. ഒപ്പം സർക്കാരിന്റെ സഹായവും വേണമെന്നും കര്‍ഷകര്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam