ബിജെപി എംഎല്‍എ പീഡിപ്പിച്ച യുവതിയുടെ പിതാവിന്‍റെ കസ്റ്റഡി മരണം: ആറ് പെലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

By Web DeskFirst Published Apr 9, 2018, 7:31 PM IST
Highlights

ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്തെന്ന് പരാതി ഉന്നയിച്ച യുവതിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആറ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസിതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചതിന് കസ്റ്റഡിയില്‍ എടുത്ത ആളാണ് മണിക്കൂറുകള്‍ക്കകം മരിച്ചത്.

ഉത്തര്പ്രദേശ് ഉന്നാവോ മണ്ഡലത്തിലെ ബിജെപി എംഎല്എ കുല്‍ദീപ് സിങ്ങ് സെങ്ങാറും കൂട്ടാളികളും ചേര്‍ന്ന് മകളെ ബലാംത്സംഗം ചെയ്തെന്നായിരുന്നു കൊല്ലപ്പെട്ടയാളുടെയും കുടുബത്തിന്റേയും പരാതി. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയില്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ടാണ് കുടുംബത്തോടൊപ്പം യുവതി  മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ജീവനൊടുക്കാന് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തിന് കേസ് ചുമത്തി ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ കടുത്ത വയറുവേദനയും ഛര്‍ദിയും മൂലം യുവതിയുടെ പിതാവിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരിക്കുകയായിരുന്നു. സ്റ്റേഷന്‍ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെയും പൊലീസുകാരേയും അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തുവെന്ന് ഉന്നാവോ എസ്പി പുഷ്പാജ്ഞലി ദേവി അറിയിച്ചു.

ബിജെപി എംഎല്‍എക്ക് എതിരെ പരാതി നല്‍കിയതിന് പിന്നാലെ മര്‍ദ്ദനം പതിവായെന്നും കുടുംബാംഗങ്ങള്‍ ചൂണ്ടികാട്ടിയിരുന്നു. പ്രതികള്‍ക്ക് പകരം പരാതിക്കാരെ അറസ്റ്റ് ചെയ്താണ് യോഗി സര്‍ക്കാര്‍ ‍‍ഗുണ്ടാ രാജ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉന്നതതല അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.എന്നാല് അനാവശ്യവിവാദങ്ങള്‍ മാത്രമെന്നായിരുന്നു ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങിന്‍റെ മറുപടി.

click me!