ഫസല്‍ വധകേസില്‍ തുടരന്വേഷണമില്ല; സഹോദരന്‍റെ ഹര്‍ജി തള്ളി

By Web DeskFirst Published Jun 15, 2017, 11:12 AM IST
Highlights

കൊച്ചി: തലശ്ശേരി ഫസൽ വധകേസിൽ സിപിഎമ്മിന് തിരിച്ചടി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്‍റെ സഹോദരൻ അബ്ദുൾ സത്താർ നൽകിയ ഹർജി സിബിഐ കോടതി തള്ളി. ഫസലിനെ കൊലപ്പെടുത്തിയത് ആ‍ർ.എസ്.എസ്. പ്രവർത്തകരാണെന്ന സുബീഷിന്‍റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടികാട്ടി. നിയമപോരാട്ടം മേൽകോടതിയിൽ തുടരുമെന്ന് സിപിഎം പ്രതികരിച്ചപ്പോൾ ഗൂഢാലോചന പൊളിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് ഫസലിന്‍റെ സഹോദരി റംല പ്രതികരിച്ചു.  

ഫസൽ വധകേസിൽ ഏറാണാകുളം സിബിഐ കോടതിയിൽ വാചരാണ തുടരുന്നതിനിടയിലാണ്  ഫസലിന്‍റെ സഹോദരൻ അബ്ദുൾ സത്താർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട്  ഹർജി നൽകിയത്. ആർ.എസ്.എസ്. പ്രവർത്തകൻ സുബീഷ് പോലീസിന് നൽകിയ കുറ്റ സമ്മത മൊഴിയിൽ കൊല നടത്തിയത് തങ്ങളാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നുമായിരുന്നു ഹർ‍ജിക്കാരന്‍റെ ആവശ്യം. 

സത്താർ നൽകിയ സിഡി പരിശോധിച്ച സിബിഐ  കോടതി സുബീഷിന്‍റെ മൊഴി വിശ്വാസ്യ യോഗ്യമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഹർജി തള്ളിയത്.കുറ്റസമത മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം തുടരന്വേഷണത്തിന് ഉത്തരവിടാനാകില്ല. മാത്രമല്ല സുബീഷിന്‍റെ മൊഴിയും സിബിഐ കണ്ടെത്തലും തമ്മിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്ന് കോടതി ചൂണ്ടികാട്ടി.  

തന്നെ മർദ്ദിച്ചാണ് പോലീസ് ഇത്തരമൊരു മൊഴി രേഖപ്പെടുത്തിയതെന്ന് സുബീഷ് നേരത്തെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.    അതേ സമയം നിയമപോരാട്ടം മേൽകോടതിയിൽ തുടരുമെന്ന് പ്രതിഭാഗം പ്രതികരിച്ചു. എന്നാൽ സിപിഎം ഗൂഡാലോചന പൊളിഞ്ഞതിൽ സന്തോഷമുണ്ടെന്നും     കാരായിമാരെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും കൊല്ലപ്പെട്ട ഫസലിന്‍റെ സഹോദരി റംല പ്രതികരിച്ചു. സിപിഎം ഗൂഡോലോചന പൊളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബിജെപിയും പ്രതികരിച്ചു. 

click me!