
ഇടുക്കി: ന്യുനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും കാറ്റിലും ഭയന്നുവിറച്ച് ഇടുക്കി. മഴ ശക്തമായതോടെ പലയിടങ്ങളും മഞ്ഞുമൂടി ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. പെട്ടെന്നുണ്ടായ മഴ കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവ മാറ്റുന്നതിന് ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ കടലാസിലൊതുങ്ങിയതാണ് ജില്ലയിലെ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്.
രാവിലെ മതല്‍ തുടരുന്ന കനത്തമഴയില്‍ നിരവധി അപകടങ്ങളാണ് റിപ്പോട്ട് ചെയ്തിരിക്കുന്നത്. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് രണ്ടു പേര്‍ക്കും, 11 കെ.വി വൈദ്യുതി പോസറ്റ് ജീപ്പിന് മുകളില്‍ വീണ് രണ്ടു പേര്‍ക്കും, മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് രണ്ട് പേര്‍ക്കും, കനത്തമഴയില്‍ കെ.എസ്.ആര്‍.ടി.ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്കും, മഴയില്‍ വീട്ടുമുറ്റത്ത് തെന്നി വീണ് രണ്ട് പേര്‍ക്കും ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയിരക്കണക്കിന് കര്‍ഷകരുടെ കുരുമുളക്, കാപ്പി, ഏലം, വാഴ കൃഷികള്‍ നശിച്ചു. കുലച്ചു നിന്ന ആയിരക്കണക്കിന് ഏത്തവാഴകള്‍ ഒടിഞ്ഞു വീണ് കോടികളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. മരം വീണും വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണും ഹൈറേഞ്ചിലെ വൈദ്യുതി വിതരണം മുഴുവന്‍ തകരാറിലായിരിക്കുകയാണ്. വൈദ്യുത ലൈനുകള്‍ പുനസ്ഥാപിക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടിവരുന്ന സ്ഥിതിയാണ്.
ഹൈറേഞ്ച് ഇരുട്ടിലായതോടെ ഫോണ്‍, ടി.വി. ,ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാനാവാത്ത സ്ഥിതിയിലായി. ജനങ്ങളുടെ കുടിവെള്ളം പോലും മുടങ്ങുന്ന സ്ഥിതിയാണ്. മരം വീണും വൈദുതി ലൈനുകള്‍ തകര്‍ന്നു വീണും സംസ്ഥാനദേശീയ പാതകളില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പന-ആനവിലാസം - കുമളി ദേശീയ പാതയില്‍ ആന വിലാസത്തിന് സമീപം വന്‍മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
മൂന്നാര്‍-തേക്കടി, മൂന്നാര്‍-ഉടുമല്‍പ്പെട്ട സംസ്ഥാന പാതയില്‍ നിരവധി ഇടങ്ങളില്‍ മരം വീണും വൈദുതി ലൈന്‍ പൊട്ടി വീണും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പുളിയന്‍മല കമ്പിനിപടിയില്‍ ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഒരു മണിക്കൂര്‍ ഗതാഗതം മുടങ്ങി. കാറ്റടിച്ചും മരം വീണും നൂറിലധികം വീടുകള്‍ക്ക് കേടുപാട് പറ്റി. ചുഴലിക്കാറ്റില്‍ നിരവധി വീടുകളുടെ മേച്ചില്‍ ഓടുകളും ഷീറ്റുകളും പറന്നു പോയി.
രാത്രി വൈകിയും കനത്തകാറ്റും മഴയും തുടരുന്നത് അപകട ഭീതി വര്‍ദ്ധിപ്പിക്കുകയാണ്. മൂന്നാര്‍-അടിമാലി ദേശീയപാതയില്‍ കെഎസ്.ആര്‍.ടി.സിക്ക് മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണെങ്കിലും വന്‍ അപകടം ഒഴിവായി. ഇത്തരത്തില്‍ പെട്ടെന്നുണ്ടാകുന്ന പ്രക്യതി ദുരന്തങ്ങള്‍ നേരിടാന്‍ ജില്ലക്ക് കഴിയാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിരവധിയുണ്ടെങ്കിലും ഇവൊന്നും വേണ്ട സമയത്ത് പ്രയോജനപ്പെടുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam