സ്ത്രീകൾ സൗജന്യ ബസിൽ തള്ളിക്കയറുന്നുവെന്ന വിവാദ പരാമർശത്തിൽ ന്യായീകരണവുമായി മന്ത്രി സി പി ജോൺ രംഗത്ത്. കേരളത്തിലെ സ്ത്രീകളുടെ ദാരിദ്ര്യമാണ് താൻ ഉദ്ദേശിച്ചതെന്നും, പൊതുഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ സർക്കാർ ഇടപെടൽ വേണമെന്ന് സൂചിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരം: സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന പരാമർശത്തിൽ ന്യായീകരണം തുടർന്ന് മന്ത്രി സി പി ജോൺ. കേരളത്തിലെ സ്ത്രീകളുടെ ദാരിദ്ര്യം വളരെ വലുതാണെന്നും ബസ് ചാർജ് കൊടുക്കാൻ പോലും പലർക്കും സാധിക്കാത്ത സാഹചര്യമുണ്ടെന്നുമാണ് പറഞ്ഞതെന്നാണ് വിശദീകരണം. രാഹുൽ ഗാന്ധിയുടെ ഇടപെടലിന്‍റെ ഭാഗമായാണ് സ്ത്രീകൾക്കായി പ്രിയദർശിനി പദ്ധതി ആരംഭിച്ചതെന്നും, ഈ മാതൃകയിൽ മറ്റ് മൂന്ന് പ്രധാന മേഖലകളിൽ കൂടി അടിയന്തര ഇടപെടൽ വേണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതു ഗതാഗതം, പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മൂന്ന് മേഖലകളിലാണ് ശക്തമായ ഇടപെടൽ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യമല്ലാത്ത സ്കൂളുകളിലേക്ക് കുട്ടികളെ പഠനത്തിനായി അയക്കുന്നത് അമ്മമാരുടെ തീരുമാനമാണ്. താൻ എപ്പോഴും സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി പദ്ധതി വൻ വിജയമാണെന്നും അതുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനൊപ്പം തന്നെ സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ തെറ്റായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും എങ്കിലും സംസാരിക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും എന്നെ നിങ്ങൾക്ക് അറിഞ്ഞൂടെ എന്നും സി പി ജോൺ കൂട്ടിച്ചേർത്തു. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നുമായിരുന്നു മന്ത്രിയുടെ വിവാദ വാക്കുകൾ. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.