നഴ്‌സുമാരുടെ പണിമുടക്ക് നാളെ; ആശുപത്രികളില്‍ കരുതല്‍

By Web DeskFirst Published Feb 14, 2018, 10:57 PM IST
Highlights

തൃശൂര്‍: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം നീളുന്നത് ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാകുകയാണ്. സമരക്കാര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ലാത്തി വീശിയ നടപടിയില്‍ പ്രതിഷേധിച്ച് അര ലക്ഷം നഴ്‌സുമാരാണ് ഫെബ്രുവരി 15 ന് ചേര്‍ത്തലയിലെത്തുന്നത്. അറസ്റ്റുണ്ടായാല്‍ ആരും ജാമ്യം തേടില്ലെന്ന മുന്നറിയിപ്പാണ് സമരത്തിന് നേതൃത്വം നല്‍കുന്ന യുഎന്‍എ നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് യുഎന്‍എ യൂണിറ്റുകളുള്ള ആയിരക്കണക്കിന് ആശുപത്രികളിലാണ് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. രാവിലെ ഏഴ് മുതലാണ് ചേര്‍ത്തല സമരപന്തലിന് മുന്നില്‍ ഐക്യദാര്‍ഢ്യസംഗമം ആരംഭിക്കുക. ഇത്രയേറെ ആളുകളെത്തുന്നത് ദേശീയപാതയിലെ ഗതാഗതത്തെയും സ്തംഭിപ്പിക്കും.

നഴ്‌സുമാരുടെ പണിമുടക്ക് നാളെ; ആശുപത്രികളില്‍ കരുതല്‍

നഴ്‌സുമാര്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ തന്നെ ആശുപത്രികളില്‍ പുതുതായി രോഗികളെ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കുന്നില്ല. നിലവിലുള്ളവരില്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കാത്തവരെ പോലും സമരഭീതിയില്‍ ആശുപത്രികളില്‍ നിന്ന് വിട്ടയച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാലും കാത്ത് ലാബ്, സിസേറിയന്‍ തുടങ്ങിയ അടിയന്തിര മേഖലകളില്‍ സമരാനുകൂലികള്‍ നഴ്‌സുമാരെ നിലനിര്‍ത്തിയിട്ടുണ്ട്. ഐസിയുകള്‍ ഏകോപിപ്പിച്ച് ഡ്യൂട്ടി ക്രമീകരിക്കുന്നതിനുള്ള സംവിധാനം ആശുപത്രി മാനേജ്‌മെന്റുകളും ചെയ്യുന്നുണ്ട്.

യുഎന്‍എ നല്‍കിയ നോട്ടീസ് അതീവ ഗൗരവത്തിലാണ് ഇതര മാനേജ്‌മെന്റുകള്‍ കൈപ്പറ്റിയിട്ടുള്ളത്. പലയിടത്തും മാനേജ്‌മെന്റുകള്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ട്. സമരം അന്യായമാണെന്നും രോഗികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്നുമുള്ള സൂചനകളോടെ പണിമുടക്കില്‍ നിന്ന് പിന്മാറണമെന്നാണ് മറുപടികളില്‍ പറയുന്നത്. ചില മറുപടി കത്തുകള്‍ പ്രകോപനകരമാണെന്ന ആക്ഷേപം നഴ്‌സുമാര്‍ക്കിടയില്‍ നിന്നുണ്ട്. യുഎന്‍എയ്ക്ക് ശക്തിയുള്ള എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, പത്തനംതിട്ട, വയനാട്, പാലക്കാട്, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളിലും സമരകേന്ദ്രമായ ആലപ്പുഴയിലും ആശുപത്രികളുടെ പ്രവര്‍ത്തനം ഏറക്കുറെ സ്തംഭനാവസ്ഥയിലാകും. സമരം പ്രഖ്യാപിച്ച നഴ്‌സുമാര്‍ ഫെബ്രുവരി 12 മുതലെ രോഗികള്‍ക്കിടയിലും കൂട്ടിരിപ്പുകാര്‍ക്കിടയിലും ക്യാമ്പയിനുകള്‍ നടത്തി പിന്തുണ തേടിയിരുന്നു. ഡോക്ടര്‍മാര്‍ നടത്തുന്ന അപ്രതീക്ഷിതവും മുന്‍കൂട്ടിയുള്ളതുമായ പണിമുടക്ക് നാളുകളില്‍ തങ്ങള്‍ക്ക് ഒപ്പം നഴ്‌സുമാരാണുണ്ടാകാറുള്ളതെന്ന പരിഗണനയാണ് പലരും നല്‍കിയിട്ടുള്ളത്. കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പണി മുടക്കിയപ്പോഴുണ്ടായ ഭവിഷ്യത്ത് രോഗികളും കൂട്ടിരിപ്പുകാരും വിവരിച്ചു.

ചേര്‍ത്തലയിലെ നിരാഹാരം

യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ചൊവ്വാഴ്ച ആറ് ദിവസം പിന്നിട്ടു. തൊഴില്‍, ആരോഗ്യ വകുപ്പ് അധികൃതരോ, ആലപ്പുഴ ജില്ലാ ഭരണകൂടമോ ഇതുവരെ സമരപന്തലിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നത് നഴ്‌സുമാരുടെ സമരവീര്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

സമരപന്തലിലുള്ള നഴ്‌സുമാരാണ് സുജനപാലിനെ സമയാസമയങ്ങളില്‍ പരിചരിക്കുന്നതും പരിശോധിക്കുന്നതും. തിങ്കളാഴ്ച വൈകീട്ട് മുതല്‍ രക്തസമ്മര്‍ദ്ദത്തില്‍ തുടരെ തുടരെ വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ജില്ലാ ഭരണകൂടമോ, ആരോഗ്യ വകുപ്പ് അധികൃതരോ സുജനപാലിനെ പരിശോധിക്കാനെത്തിയിട്ടില്ല. എന്തുതന്നെയായാലും മരണം വരെ നിരാഹാരം തുടരാനാണ് തീരുമാനമെന്ന് സുജനപാല്‍ വ്യക്തമാക്കി.

കെവിഎം മാനേജ്‌മെന്റ് പറയുന്നത്

യുഎന്‍എ നടത്തുന്ന സമരം അന്യായമാണ്. ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന വാദവും ആശുപത്രി അടച്ചിട്ടിരിക്കുകയാണെന്ന പ്രചാരണവും വാസ്തവ വിരുദ്ധമാണ്. 2013ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ പ്രകാരം മിനിമം വേതനം നല്‍കുണ്ടെന്ന് ഡയറക്ടര്‍ ആന്റ് കെവിഎം ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുന്നു. എല്ലാ നഴ്‌സുമാര്‍ക്കും അടിസ്ഥാന ശമ്പളവും ഡി.എയും മറ്റ് അലവന്‍സുകളും ഇഎസ്‌ഐ, പിഎഫ് ഉള്‍പ്പടെ എല്ലാ ആനൂകൂല്യങ്ങളും തൊഴില്‍ വകുപ്പിന്റെ വേജ് പ്രൊട്ടക്ഷന്‍ സംവിധാനത്തിലൂടെ നല്‍കുന്നുണ്ട്. ഇതും തൊഴില്‍ വകുപ്പ് ഉദ്യോസ്ഥരുടെ മേല്‍നോട്ടത്തിലാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് കാത്തിരിക്കാതെ തന്നെ നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം വര്‍ദ്ധനവ് കൂടി നഴ്‌സുമാര്‍ക്ക് നല്‍കുന്നുണ്ടെന്നും കെവിഎം മാനേജ്‌മെന്റ് പറയുന്നു. 

'കെവിഎം കൈമുതല്‍ അസത്യവും അഹങ്കാരവും'

നഴ്‌സുമാരുടെ സമരത്തെയും അവകാശത്തെയും പറ്റിയുള്ള മാനേജ്‌മെന്റിന്റ് അസത്യ പ്രചാരണം അവിടത്തെ ജനങ്ങള്‍ക്ക് ബോധ്യമാണെന്ന് യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ഷ ചൂണ്ടിക്കാട്ടുന്നു. ട്രെയിനികളെ കാലാവധി കഴിഞ്ഞ് പിരിച്ചുവിട്ടുവെന്ന മാനേജ്‌മെന്റ് നിലപാട് തന്നെ നിയമവിരുദ്ധമാണ്. വര്‍ഷങ്ങളുടെ പ്രാവീണ്യമുള്ളവരെ തുടരെ തുടരെ ട്രെയിനികളെന്ന രീതിയില്‍ ജോലി ചെയ്യിപ്പിക്കുകയാണവിടെ. അതും 14 മുതല്‍ 16 മണിക്കൂര്‍ വരെയാണ് ജോലി. മാന്യമായ വേതനവും തൊഴില്‍ സുരക്ഷയും ആവശ്യപ്പെട്ടതിലുള്ള പ്രതികാരമാണ് നഴ്‌സുമാരെ പുറത്താക്കാനിടയാക്കിയത്.

ഇക്കാര്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ഒന്നിലും യഥാര്‍ത്ഥ ഉടമകളെത്തിയിരുന്നില്ല. നേരിട്ട് ഹാജരാവാന്‍ തൊഴില്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടും പുല്ലവില കല്പിച്ചില്ല. മാന്യമായ ഒത്തുതീര്‍പ്പ് ചര്‍ച്ചകളോട് ഇവര്‍ മുഖം തിരിക്കുന്നു. മന്ത്രിമാരായ ഡോ.തോമസ് ഐസകും പി തിലോത്തമനും നിരന്തരം ബന്ധപ്പെട്ടിട്ടും കൂസലില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനുമുള്‍പ്പടെ വിഷയത്തില്‍ ഇടപെട്ടു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്ന വാശിയിലാണ് മാനേജ്‌മെന്റ്. കെവിഎമ്മിന്റെ ഒറ്റ വാശിയാണ് സമരത്തെ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ പ്രേരണയാക്കിയത്. ഒപ്പം ശമ്പള വര്‍ദ്ധനവ് നടപടികള്‍ നീണ്ടുപോകുന്നതിലെ ആശങ്കയും-ജാസ്മിന്‍ പറഞ്ഞു.

ആക്ഷേപം കേട്ട് ആലപ്പുഴ കളക്ടര്‍

തോമസ് ചാണ്ടിയുടെ മന്ത്രിപ്പണി പോലും തെറിപ്പിക്കാന്‍ കാണിച്ച ചങ്കൂറ്റം ചേര്‍ത്തല കെവിഎം ആശുപത്രി സമരത്തില്‍ കളക്ടര്‍ അനുപമ ഐഎഎസ് കാണിക്കുന്നില്ലെന്ന ആക്ഷേപം നാട്ടുകാര്‍ക്കിടയിലും. സമരം 180 ദിവസം എത്തിയിട്ടും നഴ്‌സുമാരുടെ കാര്യത്തില്‍ കളക്ടര്‍ ആത്മാര്‍ത്ഥത കാട്ടിയില്ല. തോമസ് ചാണ്ടി വിഷയം കളക്ടര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതാണോ എന്ന് സംശയിക്കുന്നവരും ചേര്‍ത്തലയിലുണ്ട്.

യുഎന്‍എ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗ ശേഷം പ്രതിനിധികള്‍ റോഡിലേക്കിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയതിനെ ലാത്തിയുപയോഗിച്ച് നേരിട്ടതും ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. മാനേജ്‌മെന്റിന്റെ പണം പറ്റികളായാണ് ഒരു കൂട്ടര്‍ പൊലീസിനെ ചിത്രീകരിച്ചത്.

സമര ഐക്യദാര്‍ഢ്യ സംഗമം, ചേര്‍ത്തലയെ സ്തംഭിപ്പിക്കും

സംസ്ഥാനത്തെ മുഴുവന്‍ നഴ്‌സുമാരും ആവേശത്തോടെയാണ് ഫെബ്രുവരി 15ലേക്ക് പ്രയാണം ചെയ്യുന്നത്. പല ജില്ലകളില്‍ നിന്നും ഇപ്പോഴേ നഴ്‌സുമാര്‍ യാത്രതിരിച്ചുകഴിഞ്ഞു. രാത്രിയോടെ തന്നെ കെവിഎം ആശുപത്രി പരിസരം നിറയുമെന്ന സ്ഥിതിയാണ്. നേരത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ യുഎന്‍എ നടത്തിയ ഉപരോധത്തില്‍ ഒരു ലക്ഷത്തിനടുത്ത് നഴ്‌സുമാരാണ് പങ്കെടുത്തത്. ചേര്‍ത്തലയിലെ ലാത്തി ചാര്‍ജ്ജിന്റെ പശ്ചാത്തലത്തില്‍ സമര ഐക്യദാര്‍ഢ്യ സംഗമത്തില്‍ കൂടുതല്‍ പേരെത്തുമെന്നാണ് സൂചന. എന്നിട്ടും സമരം നടക്കുമോ എന്ന സംയശം ദുരീകരിക്കാന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ യുഎന്‍എയുടെ ഓഫീസിലേക്ക് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാറിമറി വിളിക്കുകയാണിപ്പോഴും.

വൈകിയിട്ടില്ല, സമരം ഒത്തുതീര്‍ക്കാന്‍

നഴ്‌സുമാരുടെ പണിമുടക്കും ചേര്‍ത്തല ദേശീയപാതയോരത്തെ സമര ഐക്യഡാര്‍ഢ്യ സംഗമവും ഉണ്ടാക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാരിന് കഴിയും. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎന്‍എ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം പഠിച്ച് പരിഹാരം തേടാമെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. തൊഴില്‍, ധനകാര്യ, ഭക്ഷ്യമന്ത്രിമാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന വിഷയമായതിനാല്‍ കാര്യങ്ങള്‍ വേഗത്തില്‍ തീരുമാനിക്കാനാവും. ഇരു വിഭാഗത്തോടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാനും പ്രശ്‌നം സാമൂഹിക വിപത്തായി മാറരുതെന്നും നിര്‍ദ്ദേശം നല്‍കാനാവും. 2013ലെ മിനിമം വേതനം നല്‍കാന്‍ തയ്യാറാണെന്ന് മാനേജ്‌മെന്റ് ചര്‍ച്ചകളുടെ ചില സന്ദര്‍ഭങ്ങളില്‍ വ്യക്തമാക്കിയതാണ്. പിരിച്ചുവിട്ടവരുടെ കാര്യത്തിലാണ് കടുംപിടുത്തം. തൊഴില്‍ നിഷേധിക്കപ്പെടുന്നത് നിയമപരമായും തെറ്റാണ്. ഇതില്‍ ഏതുവിധ സഹകരണമാണ് നഴ്‌സിംഗ് സംഘടനയ്ക്ക് ചെയ്യാനാവുകയെന്നത് ആരാഞ്ഞ് സമരം തീര്‍പ്പാക്കാനും സര്‍ക്കാരിനാണ് സാധിക്കുക.

click me!