
മോസ്കോ: പുതിയ ലോക ചാമ്പ്യന്‍മാര്‍ ആരെന്നറിയാന്‍ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ്. രണ്ടാംവട്ടം ഫ്രാന്‍സ് നേടുമോ അതോ ലോകകപ്പിന് പുതിയൊരു അവകാശിയുണ്ടാമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. ഒരുമാസക്കാലം വാശിയേറിയ പോരാട്ടങ്ങള്‍കൊണ്ട് കാണികളെ ത്രസിപ്പിച്ച റഷ്യന്‍ ലോകകപ്പ് അവസാനിക്കുമ്പോള്‍ മനസില്‍ മങ്ങാതെ നില്‍ക്കുന്ന ചില മത്സരങ്ങള്‍ ഇവയാണ്.
ജര്‍മനി-സ്വീഡന്‍
ആവേശം അവസാന സെക്കന്‍ഡുകള്‍വരെ നീണ്ട വീറുറ്റ പോരാട്ടം. സ്വീഡന്റെ ചെറുത്തുനില്‍പ്പും ജര്‍മനിയുടെ പവര്‍ ഗെയിമും തമ്മില്‍ മാറ്റുരച്ച കളിയില്‍ ആദ്യം ലീഡെടുത്തത് സ്വീഡന്‍. ജയം അനിവാര്യമായ കളിയില്‍ തിരിച്ചടിക്കായി ജര്‍മന്‍ ടാങ്കുകള്‍ സ്വീഡിഡ് പെനല്‍റ്റി ബോക്സിലേക്ക് ഇരമ്പിയാര്‍ത്തു. കിമ്മിച്ചിന്റെ ക്രോസില്‍ നിന്ന് റൂയിസ് ജര്‍മനിയുടെ സമനില ഗോള്‍ നേടി. അവസാന 10 മിനിട്ടുകളില്‍ 10 പേരായി ചുരുങ്ങിയിട്ടും ഹൈ പ്രസ് ഗെയിം കളിച്ച ജര്‍മനി അവസാന സെക്കന്‍ഡില്‍ ടോണി ക്രൂസ് എടുത്ത ഫ്രീ കിക്ക് ഗോളിലൂടെ ജയം പിടിച്ചെടുത്തു. ഈ ലോകകപ്പിലെ മനോഹര ഗോളുകളിലൊന്നുകൂടിയായിരുന്നു ക്രൂസ് നേടിയത്.
ക്രൊയേഷ്യ-റഷ്യ
ആരാധക പിന്തുണയുമായി ക്വാര്‍ട്ടര്‍വരെ പന്തുതട്ടിയെത്തിയ റഷ്യ. സംഘബലത്തിന്റെ കരുത്തില്‍ മാറ്റുരച്ച ക്രൊയേഷ്യ. ഗ്യാലറികളെ പൂരപ്പരറമ്പാക്കി ആദ്യം ഗോളടിച്ചത് റഷ്യ. ക്രൊയേഷ്യയുടെ സമനില ഗോള്‍ അധികം വൈകാതെ എത്തി. നിശ്ചിത സമയത്ത് പിന്നീട് ഗോളൊന്നും പിറന്നില്ല. കളി എക്സ്ട്രാ ടൈമിലേക്ക്. അധികസമയത്ത് ഒരു ഗോളടിച്ച് ക്രൊയേഷ്യ കളി ജയിച്ചെന്ന് കരുതിയിരിക്കെ വീണ്ടും ഒപ്പമെത്തി റഷ്യയുടെ സമനില ഗോള്‍. ഒടുവില്‍ ടൈ ബ്രേക്കറില്‍(6-5) അനിവാര്യമായ വിധിക്ക് കീഴടങ്ങി ആതിഥേയര്‍ ഗ്യാലറികളുടെ നിറഞ്ഞ കൈയടികളോടെ പുറത്തേക്ക്.
ബെല്‍ജിയം-ബ്രസീല്‍
അര്‍ജന്റീനയും ജര്‍മനിയും പുറത്തായതോടെ ആരാധകരുടെ ഇഷട് ടീമായി അവശേഷിച്ച ബ്രസീലിനായിരുന്നു സാധ്യതകളെല്ലാം. എന്നാല്‍ ക്വാര്‍ട്ടറില്‍ അവര്‍ക്ക് കിട്ടിയത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ബെല്‍ജിയത്തെ. ആദ്യ പകുതിയില്‍ സെല്‍ഫ് ഗോളില്‍ ബ്രസീല്‍ ഞെട്ടി. പിന്നാലെ കെവിന്‍ ഡിബ്രയൂനിന്റെ വെടിച്ചില്ല് ഗോള്‍. രണ്ട് ഗോളിന് പിന്നിലായ ബ്രസീല്‍ രണ്ടാം പകുതിയില്‍ അലമാലകള്‍ പോലെ ആക്രമിച്ചിട്ടും തിബൗട്ട് കുര്‍ട്ടോയുടെ കൈക്കരുത്തിന് മുന്നില്‍ തലകുനിച്ചു, ഒരു ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു.
ഫ്രാന്‍സ്-അര്‍ജന്റീന
ഈ ലോകകപ്പിലെ ക്ലാസിക് പോരാട്ടമാകുമെന്ന് കരുതിയ കളി എല്ലാ നാടകീയതയോടെയും ആരാധകരുടെ ഹൃദയം കവര്‍ന്നു. അര്‍ജന്റീനയില്‍ നിന്ന് അത്ഭുതം പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായെങ്കിലും ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളികളിലൊന്നുതന്നെയായിരുന്നു അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടം. ഗ്രീസ്മാനിലൂടെ ആദ്യം ലീഡെടുത്ത ഫ്രാന്‍സിനെ ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീന സമനിലയില്‍ തളച്ചു. പിന്നീട് രണ്ടാം പകുതിയില്‍ ലീഡുമെടുത്തു. എന്നാല്‍ എംബപ്പെയുടെ ഓട്ടത്തിന് മുന്നില്‍ അടിതെറ്റിയ അര്‍ജന്റീന് ഒടുവില്‍ 4-3ന് കീഴടങ്ങി.
ജപ്പാന്‍-ബെല്‍ജിയം
ഒരു പക്ഷെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച തിരിച്ചുവരവ് കണ്ട മത്സരം. ഏഷ്യയുടെ അഭിമാനമുയര്‍ത്തി ജപ്പാന്‍ വിരോചിത പോരാട്ടം കാഴ്ചവെച്ച കളി. രണ്ടു ഗോള്‍ ലീഡെടുത്തിട്ടും അത് പ്രതിരോധിക്കാന്‍ നില്‍ക്കാതെ നിരന്തരം ആക്രമിച്ച ജപ്പാനെ ഒടുവില്‍ ബെല്‍ജിയം ഇന്‍ജുറി ടൈമില്‍ പിടിച്ചുകെട്ടി. എങ്കിലും ആരാധകരുടെ ഹൃദയം ജയിച്ച് തല ഉയര്‍ത്തി തന്നെയാണ് ജപ്പാന്‍ മടങ്ങിയത്.
സ്പെയിന്‍-പോര്‍ച്ചുഗല്‍
പോരാട്ടം സ്പെയിനും പോര്‍ച്ചുഗലും തമ്മിലായിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെും സ്പെയിനും തമ്മിലായിരുന്നു. റൊണാള്‍ഡോയുടെ പെനല്‍റ്റിയിലൂടെ ആദ്യം ലീഡെടുത്തത് പോച്ചുഗലായിരുന്നു. അധികം വൈകാതെ സ്പെയിനിന്റെ തിരിച്ചടി. ഡേവിഡ് ഡി ഗിയയുടെ കൈയബദ്ധത്തില്‍ പോര്‍ച്ചുഗല്‍ വീണ്ടും ഒപ്പമെത്തി. വീണ്ടും സ്പെയിന്‍ ലീഡെടുത്തു. എന്നാല്‍ ഈ ലോകകപ്പിലെ ഏറ്റവും മനോഹര ഗോളുകളിലൊന്ന് നേടി റൊണാള്‍ഡോ പോര്‍ച്ചുഗലിന് സമനില സമ്മാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam