
ലോക ഫുട്ബോളിലെ കരുത്തരാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്‍റീന. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്ക് ആദ്യ മത്സരത്തില്‍ എതിരാളിയായ ഐസ്‌ലന്‍ഡ് ഫുട്ബോള്‍ ലോകത്ത് സൂപ്പര്‍ ടീമില്ല. ഐസ്‌ലന്‍ഡ് ടീമിലെ താരങ്ങള്‍ക്ക് അര്‍ജന്‍റീനന്‍ താരങ്ങളോളം ജനപ്രീതിയുമില്ല. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ അര്‍ജന്‍റീനയെ വിറപ്പിക്കാന്‍ ശേഷിയുണ്ട് ഐസ്‌ലന്‍ഡിന് എന്നാണ് അവരുടെ ചരിത്രം സൂചിപ്പിക്കുന്നത്.
ഏറ്റവും കടുപ്പമേറിയ യൂറോപ്യന്‍ മേഖല മത്സരങ്ങളില്‍ നിന്നാണ് ഐസ്‌ലന്‍റിന്‍റെ ലോകകപ്പ് പ്രവേശനം. ഗ്രൂപ്പ് ഐയില്‍ എതിരാളികള്‍ ശക്തരായ തുര്‍ക്കി, ഫിന്‍ലന്റ്, ക്രൊയേഷ്യ, ഉക്രെയ്‌ന്‍ എന്നിവരായിരുന്നു. കൊസോവയെ 2-0ന് തകര്‍ത്ത പത്ത് കളിയില്‍ ഏഴ് ജയവുമായി ഐസ്‌ലന്‍റ് റഷ്യന്‍ ടിക്കറ്റുറപ്പിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ ഇളകിമറിഞ്ഞു. യോഗ്യതാ റൗണ്ടില്‍ ഉക്രെയിനെ സമനിലയില്‍ തളച്ചപ്പോള്‍ തുര്‍ക്കിയെയും ഫിന്‍ലന്‍റിനെയും കോസോവയെയും പരാജയപ്പെടുത്തി. തോറ്റത് ഫിന്‍ലന്‍റിനോടും ക്രയേഷ്യയോടും ഓരോ മത്സരങ്ങളില്‍ മാത്രം.
2010ല്‍ ഫിഫ റാങ്കിംഗില്‍ 112-ാം സ്ഥാനത്തായിരുന്നു ഐസ്‌ലന്‍റ്. 2017 ജൂലൈയില്‍ 19-ാം സ്ഥാനത്തെത്തിയതാണ് ചരിത്രത്തിലെ മികച്ച നേട്ടം. ഏഴ് വര്‍ഷം കൊണ്ട് ആദ്യ 20ല്‍ ഇടം നേടിയ ഐസ്‌ലന്‍റിന്‍റെ ആത്മവിശ്വാസം നോക്കൂ. ഡിസംബറില്‍ 20 മണിക്കൂറോളം ഇരുട്ട് നിറഞ്ഞ രാജ്യത്ത് ഫുട്ബോള്‍ പരിശീലനത്തിനായി ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ചു. അങ്ങനെയാണ് 365 ദിവസവും ഫുട്ബോള്‍ പരിശീലനം ഐസ്‌ലന്‍റില്‍ സാധ്യമായത്. അതോടെ രാജ്യം മുഴുനീള ഫുട്ബോള്‍ കളരിയായി മാറി.
2016ലെ യൂറോയ്ക്ക് ശേഷമാണ് ഹെയ്മര്‍ ഹാള്‍ഗ്രിമ്സണ്‍ പൂര്‍ണ്ണസമയ പരിശീലകനായത്. വലിയ നേട്ടങ്ങളിലേക്കുള്ള ജൈത്രയാത്ര ആരംഭിക്കുന്നുവെന്നാണ് കോച്ച് ഹെയ്മര്‍ ഹാള്‍ഗ്രിമ്സണ്‍ യോഗ്യത നേടിയ ശേഷം പറഞ്ഞത്. ലോകകപ്പ് പ്രവേശം ഐസ്‌ലന്‍റ് ജനത ആഘോഷിക്കുന്നത് അവരുടെ വിലമതിക്കാനാവാത്ത ഫുട്ബോള്‍ സ്നേഹം കൊണ്ടാണ്. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയുടെ സ്ഥാനം ലോക ഫുട്ബോളില്‍ എവിടെയെന്ന് ചിന്തിക്കുമ്പോള്‍ അതിന്‍റെ ഔചിത്യം പിടികിട്ടും.
അര്‍ജന്‍റീന കരുതിയിരിക്കുക. തണുത്ത രാജ്യത്തിന്‍റെ തണുപ്പന്‍ കളിയാവില്ല ഐസ്‌ലന്‍ഡിന്‍റേത്. സന്നാഹമത്സരത്തില്‍ ഘാനയോട് രണ്ട് ഗോളിന് സമനില വഴങ്ങിയെങ്കിലും ഐസ്‌ലന്‍ഡ് ചില്ലറ ടീമല്ല എന്ന് വ്യക്തം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam