
1998ലെ ലോകകപ്പോടെയാണ് ഞാൻ ഫുട്ബാളിനെക്കുറിച്ച് കാര്യമായി കേൾക്കുന്നതും, കുറച്ചൊക്കെ അറിയാൻ തുടങ്ങുന്നതും. അന്ന് നാട്ടിലെ ചിലർ ബ്രസീൽ പൊട്ടി, ഫ്രാൻസ് കപ്പടിച്ചു എന്നൊക്കെ പറഞ്ഞ് കൂലങ്കുഷമായി കളിയെക്കുറിച്ച് ചർച്ച ചെയ്യുന്നത് കേട്ടിരുന്നുവെങ്കിലും കളിയുടെ തീവ്രത, മനോഹാരിത തുടങ്ങിയ സവിശേഷതകൾ അറിഞ്ഞുതുടങ്ങുന്നത് ആ ലോകകപ്പിന് ശേഷമാണ്. ക്രിക്കറ്റില്ലാത്ത സമയത്ത് കാണുന്ന കളികളിലൂടെയും, പത്രങ്ങളിൽ വരുന്ന കളി വിശേഷങ്ങളിലൂടെയും ഒരു സൈഡിലൂടെ ഫുട്ബാളിനെയും ഇഷ്ടപ്പെട്ടുതുടങ്ങി. ആദ്യം സിദാൻ ആയിരുന്നു ഇഷ്ടതാരം. അങ്ങേരുടെ കളി കണ്ടാണ് ഫുട്ബാളും കാണാൻ തുടങ്ങിയത്. പിന്നെ പിന്നെ കളിയോടുള്ള പ്രിയം കൂടിയപ്പോൾ ഇഷ്ട ടീം അർജന്റീനയായി.
ഇന്നും ബാറ്റിയെക്കുറിച്ച് സംസാരിക്കുമ്പോൾ നൂറു നാവാണ് ആരാധകർക്കും മറ്റ് കളി പ്രാന്തന്മാർക്കും
അർജന്റീനയിലെ സാന്റഫെ പ്രോവിന്‍സിലെ ഒരു അറവുശാലയിൽ ജോലി ചെയ്തിരുന്ന ഒമർ ബാറ്റിസ്റ്റ്യൂട്ടയ്ക്കും ഭാര്യ ഗ്ലോറിയ സില്ലിക്കും ആദ്യ കുഞ്ഞായി ഗബ്രിയേൽ ജനിക്കുന്നത് 1969 ഫെബ്രുവരി ഒന്നിനാണ്. കുട്ടിക്കാലത്ത് കുഞ്ഞു ബാറ്റിക്ക് ഫുട്ബാളിതര കളികളോടായിരുന്നു താല്പര്യം. നല്ല ഉയരമുണ്ടായിരുന്നതിനാൽ ബാസ്കറ്റ്ബാളിലാണ് ബാറ്റിസ്റ്റ്യൂട്ട കൂടുതൽ സമയം ചിലവിട്ടത്. 1978 ൽ അർജന്റീന ഫുട്ബോൾ ലോക ചാമ്പ്യന്മാരാകുന്നത് വരെയേ അതൊക്കെ നീണ്ടുനിന്നുള്ളൂ. ഫൈനലിൽ ഇരട്ട ഗോളുകൾ നേടി രാജ്യത്തിന്റെ ഹീറോ ആയിരുന്ന മരിയോ കെമ്പ്സിന്റെ കടുത്ത ആരാധകനായി ബാറ്റി മാറി. അതോടെ ശ്രദ്ധ മുഴുവനും ഫുട്ബാളിലായി. കൂട്ടുകാരുമായി തെരുവിൽ പന്ത് തട്ടി നടന്ന ബാറ്റി പതുക്കെ ചെറിയ വലിയ മത്സരങ്ങളിൽ പന്ത് തട്ടാൻ തുടങ്ങി. 1988ൽ നാട്ടിലെ അറിയപ്പെടുന്ന പ്രൊഫഷണൽ ക്ലബ് ആയ ന്യൂവെൽ ഓൾഡ് ബോയ്സുമായി കരാറിലായി. പിൽകാലത്ത് ദേശീയ ടീമിന്റെ കോച്ചായിരുന്ന മാർസലൊ ബിയെൽസ ആയിരുന്നു അവിടത്തെ കോച്ച്.
ഹാട്രിക് നേടിയാണ് തന്നെ തഴഞ്ഞവർക്കുള്ള മറുപടി ബാറ്റിസ്റ്റ്യൂട്ട നൽകിയത്. ലോകകപ്പിലെ രണ്ടാം ഹാട്രിക്!
മറഡോണയുടെ മയക്കുമരുന്ന് വിവാദത്താൽ നിറംമങ്ങിയ 1994ലെ ലോകകപ്പിൽ അർജന്റീനക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും ഗ്രീസിനെതിരെ നേടിയ ഹാട്രിക് അടക്കം നാല് ഗോളുകളുമായി തലയുയർത്തി തന്നെയാണ് ബാറ്റി മടങ്ങിയത്. ടീം മാനേജറുമായുള്ള തർക്കം കാരണം 1998 ലോകകപ്പിന് വേണ്ടിയുള്ള മിക്ക മത്സരങ്ങളിലും ബാറ്റിസ്റ്റ്യൂട്ട ടീമിന് പുറത്തായിരുന്നുവെങ്കിലും അവസാന നിമിഷം ലോകകപ്പിനുള്ള ടീമിൽ ബാറ്റി ഇടം നേടി. ജമൈക്കയുമായുള്ള മത്സരത്തിൽ ബാറ്റിസ്റ്റ്യൂട്ട ഹാട്രിക് നേടിയാണ് തന്നെ തഴഞ്ഞവർക്കുള്ള മറുപടി നൽകിയത്. ലോകകപ്പിലെ രണ്ടാം ഹാട്രിക്. ലോക കപ്പ് ചരിത്രത്തിൽ ഹാട്രിക് നേടിയത് ഇതുവരെ വെറും നാലുപേരാണ് എന്നറിയുമ്പോഴാണ് ബാറ്റിയുടെ പെർഫോമൻസ് എത്രത്തോളം മരണമാസ്സ് ആണെന്ന് മനസ്സിലാവുക.
2002 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മികച്ച കളി കാഴ്ചവെച്ച ബാറ്റിയും അർജന്റീനയും ലോകകപ്പ് മത്സരങ്ങൾക്കായി ഏഷ്യയിലേക്ക് വണ്ടി കയറിയത് തികഞ്ഞ ആത്മവിശ്വാസത്തോടെയും അതിലേറെ പ്രതീക്ഷയോടെ ആരാധകരും. മാത്രമല്ല ലോക കപ്പോടെ ഫുട്ബാളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ച ബാറ്റി ഇത്തവണ കൂടുതൽ മികച്ച അദ്ഭുതങ്ങൾ പുറത്തെടുക്കുമെന്ന് ആരാധകർ ആവേശം കൊണ്ടു. പക്ഷെ തീർത്തും നിരാശാജനകമായിരുന്നു കാര്യങ്ങൾ. മരണ ഗ്രൂപ്പിൽപ്പെട്ട അർജന്റീന നൈജീരിയയോട് മാത്രമാണ് ജയിച്ചത്. ചിരവൈരികളായ ഇംഗ്ലണ്ടിനോടുള്ള തോൽവിയും സ്വീഡനോടുള്ള സമനിലയും അർജന്റീനയെ ആദ്യ റൗണ്ടിൽ നിന്ന് തന്നെ പുറത്താക്കി. നിരാശയോടെ കളംവിടാനായിരുന്നു ബാറ്റിയുടെ വിധി.
'എൺപതുകളിലെ മറഡോണയുഗത്തിനും അതിനുശേഷം അവതരിച്ച മെസ്സിക്കും ഇടയിലുള്ള തൊണ്ണൂറുകളിൽ അർജന്റീനിയൻ ഫുട്ബാളിൽ അവതരിച്ച മിശിഹായുടെ മുഖമുള്ള ദൈവദൂതനായിരുന്നു ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട എന്ന ബാറ്റിസ്റ്റ്യൂട്ട'.
ഫയൊരെന്റീന, റോമ എന്നീ ഇറ്റാലിയൻ ക്ലബ്ബുകൾക്ക് വേണ്ടിയാണ് ബാറ്റിസ്റ്റ്യൂട്ട ഏറ്റവും കൂടുതലായി കളിച്ചത്. 430 ക്ലബ് മത്സരങ്ങളിൽ നിന്ന് 245 ഗോളുകൾ ആരാധകരുടെ ബാറ്റിഗോൾ നേടി. 78 മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടി കളിച്ച ബാറ്റി നേടിയത് 54 ഗോളുകളാണ്. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ റിക്കോർഡ് ഈയിടെയാണ് മെസ്സി മറികടന്നത്. രണ്ട് ലോകകപ്പ് ടൂർണമെന്റുകളിൽ ഹാട്രിക് നേടിയ ചരിത്രത്തിലെ ഒരേയൊരു താരവും ബാറ്റി മാത്രം. കളിക്കുന്ന കാലത്ത് ഒരു മികച്ച സ്ട്രൈകറായി കളംനിറഞ്ഞ് കളിച്ചിരുന്ന ബാറ്റിസ്റ്റ്യൂട്ട ഒരു തലമുറയുടെ ആവേശമായിരുന്നു. വളർന്നു വന്നിരുന്ന താരങ്ങളുടെ സ്വപ്നമായിരുന്നു.
ആരാധകർക്കും, അർജന്റീന ഫുട്ബാളിനും ഫുട്‌ബോൾ ചരിത്രത്തിനും ഒരിക്കലും മറക്കാനാകാത്ത, ഒഴിച്ച് കൂടാനാകാത്ത ബാറ്റിസ്റ്റ്യൂട്ട. ആരാധകരുടെ സ്വന്തം 'ബാറ്റിഗോൾ'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam