
മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ഇഞ്ചുറി ടൈമിലെ ഇരട്ട പ്രഹരത്തില്‍ കോസ്റ്റാറിക്കയെ തളച്ച് ബ്രസീലിന്‍റെ സാംബ നൃത്തം. 91-ാം മിനുറ്റില്‍ ഗബ്രിയേല്‍ ജീസസിന്‍റെ പാസില്‍ നിന്ന് കുടീഞ്ഞോയും 97-ാം മിനുറ്റില്‍ കോസ്റ്റയുടെ പാസില്‍ നിന്ന് നെയ്മറുമാണ് ബ്രസീലിന് ഈ ലോകകപ്പിലെ ആദ്യ വിജയം സമ്മാനിച്ചത്. ബ്രസീലിന്‍റെ വീറുള്ള ആക്രമണങ്ങള്‍ കണ്ട മത്സരത്തില്‍ കോസ്റ്റാറിക്കന്‍ പ്രത്യാക്രമണം ചുരുക്കം നീക്കങ്ങളില്‍ ഒതുങ്ങി.
ആദ്യ പകുതി
സെയ്ന്‍റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ കാനറിക്കിളികളുടെ ചിറകടിയോടെയാണ് മത്സരം തുടങ്ങിയത്. തുടരെതുടരെ ബ്രസീലിയന്‍ വെടിയൊച്ചകളും ഇടയ്ക്കിടയ്ക്കുള്ള കോസ്റ്റാറിക്കയുടെ പ്രത്യാക്രമണങ്ങളും കണ്ട മത്സരത്തില്‍ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ജീസസ് 26-ാം മിനുറ്റില്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് ബ്രസീലിന് കനത്ത തിരിച്ചടിയായി.
നാലാം മിനുറ്റില്‍ കുടീഞ്ഞോയുടെ തകര്‍പ്പന്‍ ഷോട്ട് ബാറിനെ തൊട്ടുരുമി കടന്നുപോയി. ഒമ്പതാം മിനുറ്റില്‍ ജീസസിനെ ഗുസ്മാന്‍ വീഴ്‌ത്തിയതിന് ബ്രസീലിന് ലഭിച്ച ഫ്രീകിക്ക് നെയ്‌മര്‍ക്ക് വലയിലെത്തിക്കാനായില്ല. എന്നാല്‍ 13-ാം മിനുറ്റില്‍ ബ്രസീലിയന്‍ ആരാധകരുടെ ശ്വാസം നിലപ്പിച്ച് കോസ്റ്റാറിക്കന്‍ മുന്നേറ്റം. 16-ാം മിനുറ്റില്‍ നെയ്മറുടെ ഫ്രീകിക്കിന് ബാറിലേക്ക് അനുമതി ലഭിച്ചില്ല.
26-ാം മിനുറ്റില്‍ മാര്‍സലോയുടെ സുന്ദരന്‍ പാസില്‍ നിന്ന് ജീസസ് വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ കോസ്റ്റാറിക്ക ബ്രസീലിന്‍ പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാല്‍ ബോക്സിന് പുറത്തുനിന്ന് മാര്‍സലോയും കുടീഞ്ഞോയും തൊടുത്ത ബുള്ളറ്റുകള്‍ കോസ്റ്റാറിക്കന്‍ ഗോള്‍മുഖത്ത് ഭീതിവിതച്ചു. ഇഞ്ചുറിടൈമില്‍ കോസ്റ്റാറിക്കയ്ക്കായി ഗുസ്മാനെടുത്ത ഫ്രീകിക്കിന് വലയിലിടം ലഭിച്ചില്ല.
രണ്ടാം പകുതി
രണ്ടാം പകുതിയില്‍ ബ്രസീല്‍ വീണ്ടുമൊന്ന് ഗിയര്‍മാറ്റി. വില്യാനെ വലിച്ച് ഡഗ്ലസ് കോസ്റ്റയെയിറക്കി. 48-ാം മിനുറ്റില്‍ കുറിയ പാസുകളിലൂടെ നടത്തിയ നീക്കം നവാസിന്‍റെ കൈകളില്‍ ഉറങ്ങി. 49-ാം മിനുറ്റില്‍ ജീസസിന്‍റെ ഹെഡര്‍ ബാറിനെ കുലുക്കി. പിന്നാലെ നവാസിനെ വിറപ്പിച്ച് കുടീഞ്ഞോയുടെ മിന്നല്‍ പ്രഹരം. 61-ാം മിനുറ്റില്‍ കോസ്റ്റാറിക്കയ്ക്ക് കോര്‍ണര്‍ ലഭിച്ചെങ്കിലും പ്രതിരോധത്തില്‍ തട്ടി പന്ത് തെറിച്ചപ്പോള്‍ പന്ത് മുതലാക്കി മുന്നേറിയത് ബ്രസീല്‍.
78-ാം മിനുറ്റില്‍ നടന്നത് തികച്ചും നാടകീയമായ സംഭവങ്ങള്‍. മുന്നേറ്റത്തിനിടയില്‍ നെയ്മര്‍ ബോക്സില്‍ വീണത് കണ്ട് റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ചൂണ്ടി. കോസ്റ്റാറിക്കന്‍ താരങ്ങള്‍ പ്രതിഷേധിച്ചതോടെ തീരുമാനം 'വാറി'ന്‍റെ സഹായത്തോടെയായി. ഒടുവില്‍ നെയ്മറുടെ അഭിനയം മനസിലാക്കി പെനാല്‍റ്റി പിന്‍വലിച്ചു. 81-ാം മിനുറ്റില്‍ റഫറിയുടെ തീരുമാനം ചോദ്യം ചെയ്തതിന് നെയ്മര്‍ക്കും കുടീഞ്ഞോയ്ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
എന്നാല്‍ സമനിലയാകുമെന്ന് തോന്നിച്ച മത്സരം ഇഞ്ചുറിടൈമില്‍ എത്തിയപ്പോള്‍ കളിമാറി. വസന്തകാലത്തെ ഓര്‍മ്മിപ്പിച്ച് കാനറിപക്ഷികള്‍ കാലുകളില്‍ പന്തുമായി മൈതാനത്ത് പാറിനടന്നു. ഒടുവില്‍ കുടീഞ്ഞോയുടെ കാലുകളിലൂടെ കോസ്റ്റാറിക്കന്‍ കൂടാരത്തില്‍ കാനറിപക്ഷി ചേക്കേറി. അവിടെ ബ്രസീലിയന്‍ അത്ഭുതങ്ങള്‍ അവസാനിച്ചില്ല. അവസാന മിനുറ്റിലെ നീക്കം ഡഗ്ലസ് കോസ്റ്റ് നെയ്മര്‍ക്ക് മറിച്ചുനല്‍കിയപ്പോള്‍ ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam