വിവാദഭൂമി ഇടപാട് വീണ്ടും അന്വേഷിക്കും: അങ്കമാലി അതിരൂപത

By Web DeskFirst Published Jun 22, 2018, 7:04 PM IST
Highlights
  • വിവാദഭൂമി ഇടപാട് വീണ്ടും അന്വേഷിക്കുമെന്ന് അങ്കമാലി അതിരൂപത. 

കൊച്ചി: വിവാദഭൂമി ഇടപാട് വീണ്ടും അന്വേഷിക്കുമെന്ന് അങ്കമാലി അതിരൂപത. അതിനായി വിദഗ്ദ്ധ സമിതിയെ 
മാര്‍ ജേക്കബ് മനത്തോടത്ത് നിയോഗിച്ചു. സഭയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും പുതിയ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു.

പാലക്കാട് ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ പുതിയ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചുകൊണ്ടുള്ള വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് സഭാ ആസ്ഥാനത്ത് വായിച്ചു. ഇതോടെ, സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയില്‍ അധികാര മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അതിരൂപതാ ഭരണ ചുമതലയില്‍ നിന്നും  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി  പൂര്‍ണമായും ഒഴിഞ്ഞു. അതിരൂപതയുടെ ദൈനംദിന ഭരണ ചുമതലയില്‍ നിന്ന്  സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ഒഴിവായി. 

ഭൂമി വിവാദത്തെത്തുടര്‍ന്ന് സിറോ മലബാര്‍ സഭയില്‍ കര്‍ദ്ദിനാളും വൈദികരും തമ്മിലുള്ള ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍റെ നിര്‍ണായക ഇടപെടല്‍. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭരണ നടത്തിപ്പുചുമതലയാണ് മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറിയത്. ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാളിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ സിനഡ് നിര്‍ദ്ദേശ പ്രകാരം  ഭരണ നിര്‍വഹണ ചുമതല ഭാഗീകമായി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ ഏല്‍പ്പിച്ചിരുന്നു. പുതിയ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതോടെ സഹായമെത്രാനുണ്ടായിരുന്ന താത്കാലിക ചുമതല ഇല്ലാതായി. എന്നാല്‍ അതിരൂപതാ സഹായ മെത്രാന്‍ പദവിയില്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍ വീട്ടിലും തുടരും. സിറോ മലബാര്‍ അധ്യക്ഷ സ്ഥാനത്തും അതിരൂപതാ അധ്യക്ഷസ്ഥാനത്തും  മാറ്റമില്ല. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്നെ ഈ പദവികള്‍ വഹിക്കും.

പുതിയ അഡ്മിനസ്ട്രേറ്റര്‍ നിയമനത്തോടെ നിലവിലുള്ള അതിരൂപതയുടെ  ഭരണ കാര്യത്തിനായുള്ള  ആലോചനാ സംഘം, സാമ്പത്തിക കാര്യസമിതി, വൈദിക സമിതി എന്നിവ ഇല്ലാതായി. പോപ്പിന്‍റെ ഉത്തരവ് എത്തിയതിന് പിന്നാലെ മാര്‍ മാനത്തോടത്ത് ബിഷപ്പ് ഹൗസിലെത്തി സഹായമെത്രാന്മാരെ കണ്ടു. മൂവരും  പ്രത്യേക പ്രാര്‍ഥനയിലും പങ്കാളികളായി. നാളെ ഉച്ചതിരിഞ്ഞ് മൂന്നിന് സെന്‍റ് മേരിസ് കത്തീഡ്രല്‍ ബസലിക്കയില്‍ സ്ഥാനാരോഹരണ ചടങ്ങുകള്‍ നടക്കും. അതിരൂപത ഭരണത്തില്‍ പരസ്പരം പോരടിച്ചു നില്‍കുന്ന രണ്ട് വിഭാഗങ്ങളെ ഒരുമിച്ച് നയിക്കുക എന്ന വെല്ലുവിളിയാണ് പുതിയ അപ്പസ്തോലിക് അഡ്മിനസ്‍ടേരറ്ററെ കാത്തിരിക്കുന്നത്.വത്തിക്കാന്‍റെ തീരുമാനം തങ്ങളുടെ നിലപാടുകള്‍ ശരിവച്ചു എന്നാണ് ഇരുവിഭാഗങ്ങളുടെയും അവകാശവാദം.  

click me!