Latest Videos

സ്വന്തം കുഴി തോണ്ടി ക്രൊയേഷ്യ: കലാശപ്പോരില്‍ ഫ്രാന്‍സ് മുന്നില്‍

By Web DeskFirst Published Jul 15, 2018, 9:17 PM IST
Highlights
  • ക്രൊയേഷ്യന്‍ പാളിച്ചകള്‍ മുതലെടുത്ത ഫ്രാന്‍സ് ആദ്യ പകുതിയില്‍ മുന്നില്‍

മോസ്‌കോ: ലുഷ്നിക്കി സ്റ്റേഡിയത്തിലെ കലാശപ്പോരില്‍ ക്രൊയേഷ്യന്‍ പാളിച്ചകള്‍ മുതലെടുത്ത ഫ്രാന്‍സ് ആദ്യ പകുതിയില്‍ മുന്നില്‍. സെല്‍ഫ് ഗോളും ഫ്രീകിക്കും ഇതിനകം പിറന്ന മത്സരത്തില്‍ ഫ്രാ‍ന്‍സ് 2-1ന്‍റെ ലീഡ് പിടിച്ചു. മാന്‍സുക്കിച്ചിന്‍റെ സെല്‍ഫ് ഗോളില്‍ തുടക്കത്തിലെ മുന്നിലെത്തിയ ഫ്രാന്‍സിന് പെരിസിച്ച് വ്യക്തമായ മറുപടി നല്‍കിയെങ്കിലും അനവസരത്തില്‍ പിറന്ന പെനാല്‍റ്റി ക്രൊയേഷ്യയെ പിന്നോട്ടാടിക്കുകയായിരുന്നു. അതേസമയം കലാശപ്പോരിന്‍റെ വീറും വാശിയും നിറഞ്ഞതായി ആദ്യ പകുതി.

ദുരന്തമായി മാന്‍സുക്കിച്ച്
സെമിയില്‍ ക്രൊയേഷ്യയുടെ വീരനായകനായ മാന്‍സുക്കിച്ച് ആദ്യ മിനുറ്റുകളില്‍ കണ്ണീരാവുകയായിരുന്നു. ഗ്രീസ്മാനെ ബ്രോസോവിച്ച് വീഴ്ത്തിന് ലഭിച്ച ഫ്രീകിക്കില്‍ പിറന്ന മാന്‍സുക്കിച്ചിന്‍റെ സെല്‍ഫ് ഗോളാണ് ഫ്രഞ്ച് പടയെ മുന്നിലെത്തിച്ചത്. 18-ാം മിനുറ്റില്‍ ഗ്രീസ്മാന്‍ എടുത്ത കിക്ക് തട്ടിയകറ്റാന്‍ ശ്രമിച്ച ഉയരക്കാരന്‍ മാന്‍സുക്കിച്ചിന് പിഴച്ചു. ഗോള്‍കീപ്പര്‍ സുബാസിച്ചിനെ നിഷ്‌പ്രഭനാക്കി ഹെഡര്‍ വലയിലെത്തി. ഇതോടെ ഫ്രാന്‍സ് 1-0ന് മുന്നില്‍.

പെരിസിച്ചിന്‍റെ പകരംവീട്ടല്‍
മാന്‍സുക്കിച്ചിന്‍റെ അബദ്ധത്തിന് 28-ാം മിനുറ്റില്‍  പെരിസിച്ച് പകരം വീട്ടി. ഫ്രാന്‍സിനെ വണ്ടര്‍ ഗോളില്‍ സമനിലചങ്ങലയില്‍ തളക്കുകയായിരുന്നു പെരിസിച്ച്‍. മോഡ്രിച്ചിന്‍റെ ഫാര്‍ പോസ്റ്റില്‍ വന്ന ഫ്രീ കിക്ക് ബോക്സിലേക്ക് കുതിച്ചെത്തിയ മാന്‍സുക്കിച്ച് ഹെഡ് ചെയ്ത് ബോക്സിലേക്കിട്ടു. എന്നാല്‍ പന്ത് കാല്‍ക്കലാക്കിയ വിദ നല്‍കിയത് സുന്ദരന്‍ പാസ്. ലോകകപ്പ് ഫൈനലിലെ മികച്ച ഗോളുകളിലൊന്ന് എന്ന ചരിത്രം കുറിച്ച് പെരിസിച്ച് അത് വലതുമൂലയിലേക്ക് തുളച്ചുകയറ്റി. 

ക്രൊയേഷ്യയുടെ അബദ്ധവും ഗ്രീസ്മാനും
വീണ്ടും മത്സരം മുറുകി. ഗോള്‍ മടക്കി നായകനായ പെരിസിച്ച് ക്രൊയേഷ്യയുടെ അടുത്ത ദുരന്തമാകുന്നതാണ് പിന്നീട് കണ്ടത്. 35-ാം മിനുറ്റില്‍ പന്ത് കൈ കൊണ്ട് തട്ടിയതിന് 'വാര്‍' ആനൂകൂല്യത്തില്‍ റഫറി പെനാല്‍റ്റി വിധിച്ചു. പെരിസിച്ചിനും ക്രൊയേഷ്യക്കും ലഭിച്ച അടുത്ത പ്രഹരം. 38-ാം മിനുറ്റില്‍ ഗ്രീസ്മാന്‍റെ എടുത്ത പെനാല്‍റ്റി സുബാസിച്ചിന് ഭീഷണി പോലുമായില്ല. ഫ്രാന്‍സ് ലീഡ് തിരിച്ചുപിടിച്ചപ്പോള്‍ ആദ്യ പകുതിയുടെ അവസാനം വരെ പോരാടി ക്രൊയേഷ്യ ഇടവേളയ്ക്ക് പിരിഞ്ഞു.  

click me!