
മോസ്‌കോ: ലോകകപ്പില്‍ ജര്‍മനിയെ തകര്‍ത്തുവിട്ട അതേ ആവേശം ദക്ഷിണ കൊറിയക്കെതിരെയും പുറത്തെടുത്ത മെക്‌സിക്കോയ്ക്ക് മിന്നും ജയം. ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് മെക്സിക്കോ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മെക്‌സിക്കോയ്ക്കായി കാര്‍ലോസ് വേലയും ജാവിയര്‍ ഹെര്‍ണാണ്ടസുമാണ് ഗോളുകള്‍ നേടിയത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഹ്യൂങ് കൊറിയക്കായി വലകുലുക്കിയെങ്കിലും വിജയം മാറിനിന്നു.
ആദ്യ ഗോള്‍
ഏഷ്യന്‍ ശക്തികള്‍ക്കെതിരെ 26-ാം മിനിട്ടില്‍ മെക്സിക്കോ മുന്നിലെത്തി. കാര്‍ലോസ് വേല പെനാല്‍ട്ടിയിലൂടെയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്. പെനാല്‍ട്ടി ബോക്സിനുള്ളിൽ ജാങ് ഹ്യൂന്‍ സൂ പന്ത് കൈകൊണ്ടു തൊട്ടതാണ് ദക്ഷിണകൊറിയക്ക് തിരിച്ചടിയായത്. കിക്കെടുത്ത വേലയ്ക്ക് പിഴച്ചില്ല. ബോക്സിന്‍റെ വലത് മൂലയില്‍ പന്തെത്തിച്ച് വേല മെക്സിക്കോയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചു. ഇതോടെ മെക്‌സിക്കന്‍ ലീഡുമായി ആദ്യ പകുതി പിരിഞ്ഞു.
രണ്ടാം ഗോള്‍
മെക്സിക്കന്‍ തിര ഇടയ്ക്കിടയ്ക്ക് ആര്‍ത്തിരമ്പിയെങ്കിലും ദക്ഷിണ കൊറിയന്‍ ഗോള്‍വലയെ ഭേദിക്കാന്‍ 66-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് ലൊസാനോ നല്‍കിയ മിന്നും പാസ് ജാവിയര്‍ ഹെര്‍ണാണ്ടസ് മനോഹരമായി വലതുമൂലയില്‍ എത്തിച്ചു. മെക്സിക്കന്‍ കുപ്പായത്തില്‍ ജാവിയറിന്‍റെ 50-ാം ഗോള്‍ കൂടിയായിരുന്നു ഇത്. 90 മിനുറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ഗോള്‍ മുന്നിലായിരുന്നു മെക്സിക്കോ.
കൊറിയയുടെ തിരിച്ചടി
മത്സരത്തില്‍ മെക്സിക്കോയ്ക്ക് മറുപടി നല്‍കാന്‍ ദക്ഷിണ കൊറിയക്ക് ഇഞ്ചുറിടൈം വരെ കാത്തിരിക്കേണ്ടിവന്നു. അവസാന നിമിഷത്തെ കൂട്ടപ്പാച്ചിലിനിടയില്‍ ഹ്യൂങിന്‍റെ 20വാര അകലെ നിന്നുള്ള ബുള്ളറ്റ് പ്രഹരം ഒച്ചാവോയെ നിഷ്‌പ്രഭനാക്കി വലതുമൂലയില്‍ ചാഞ്ഞിറങ്ങി. തിരിച്ചടി ഒരു ഗോളില്‍ ഒതുങ്ങിയെങ്കിലും ഫൗളുകളില്‍ കൊറിയയായിരുന്നു മുന്നില്‍. മെക്സിക്കന്‍ താരങ്ങള്‍ കാര്‍ഡ് മറന്ന കളിയില്‍ ദക്ഷിണ കൊറിയ നേടിയത് നാല് മഞ്ഞക്കാര്‍ഡുകളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam