ദാദ്രി കൊലക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ വക ധനസഹായവും ജോലിയും

By Web DeskFirst Published Oct 14, 2017, 10:28 PM IST
Highlights

ഉത്തര്‍പ്രദേശിലെ ദാദ്രിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‍‍ലാഖിനെ അടിച്ചുകൊന്ന കേസിലെ  പ്രതികൾക്ക് സഹായം പ്രഖ്യാപിച്ച്
സർക്കാർ.  മുഖ്യപ്രതിയുടെ കുടുംബത്തിന് എട്ട് ലക്ഷവും, ഭാര്യക്ക് ജോലിയും നൽകും. മറ്റ് പ്രതികൾക്കും ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.

അഖ്‍ലാഖ് കൊലക്കേസിൽ ജലിലിൽ കഴിയവേ മരിച്ച രവി സിസോദിയയുടെ ബന്ധുക്കൾക്ക് എട്ട് ലക്ഷം രൂപയാണ് ധനസഹായം. അഞ്ച് ലക്ഷം രൂപ  സര്‍ക്കാര്‍ ഒറ്റത്തവണയായി നൽകും. ബാക്കി മൂന്ന് ലക്ഷം പ്രദേശിക തലത്തിൽ പിരിച്ച് ബിജെപി  നൽകും. സിസോദിയയുടെ ഭാര്യയ്ക്ക് പ്രൈമറി സ്കൂളിൽ ജോലി നൽകുമെന്നും  ബിജെപി എംഎൽഎ തേജ്പാൽ സിംഗ് നഗര്‍ ഉറപ്പ് നൽകി.  കേസിലെ മുഴുവൻ പ്രതികളേയും നാഷണൽ തെര്‍മര്‍ പവര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ രണ്ട് മാസത്തിനകം ജോലി നൽകും.  പ്രതികൾക്ക് തൊഴിൽ നൽകുന്നതിൽ പരാതിയിലില്ലെന്നും എന്നാൽ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കരുതെന്നും അഖ്‍ലാഖിന്‍റെ കുടുംബത്തിന്‍റെ പ്രതികരണം. 2015 സെപ്തംബര്‍ 28നായിരുന്നു മുഹമ്മദ് അഖ്‍ലാക്ക് കൊല്ലപ്പെടുന്നത്.

അതിനിടെ  പശുവിറച്ചി കടത്തിയെന്നാരോപിച്ച് ഹരിയാനയിലെ ഫരീദാബാദിൽ അഞ്ചുപേരെ നൂറോളം വരുന്ന ഗോരക്ഷ പ്രവര്‍ത്തകര്‍ ആക്രമിച്ചു.  ബീഫ് കടത്തിയെന്ന പേരിൽ ആക്രമണത്തിന് ഇരയായവര്‍ക്കെതിരെ കാലിക്കടത്ത് തടയുന്ന നിയമമനുസരിച്ച് പൊലീസ് കേസെടുത്തു. ഇവരുടെ പരാതിയിൽ ആക്രമിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

ഓട്ടോറിക്ഷയിൽ ഇറച്ചിയുമായി പോകുമ്പോഴായിരുന്നു ഡ്രൈവര്‍ ഉൾപ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റത്.  ജയ് ഹനുമാൻ എന്ന് വിളിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. കൈവശമുണ്ടായിരുന്നത് പശുവിറച്ചിയാണോയെന്ന് പരിശോധിക്കാൻ ഇറച്ചി പൊലീസ് ഫോറൻസിക് ലാബിലേക്ക്  അയച്ചു. പശുവിറച്ചിയാണെന്ന ആരോപണം മര്‍ദ്ദനത്തിനിരയായവരുടെ ബന്ധുക്കൾ നിഷേധിച്ചു.

click me!