യുഎഇയിൽ മിസൈൽ അവശിഷ്ടങ്ങൾ വീഴുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി നാഷണൽ എമർജൻസി അതോറിറ്റി സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അവശിഷ്ടങ്ങളിൽ നിന്ന് അകലം പാലിക്കുക, സ്പർശിക്കാതിരിക്കുക, ചിത്രങ്ങൾ പകർത്തരുത്, ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക.
അബുദാബി: യുഎഇയിൽ ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ ചിലയിടങ്ങളില്‍ മിസൈൽ അവശിഷ്ടങ്ങൾ വീഴുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യുഎഇയിൽ ഇതുമായി ബന്ധപ്പെട്ട് കർശന സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീഴുന്നത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
- അകലം പാലിക്കുക- അപകടമുണ്ടായ സ്ഥലത്തുനിന്ന് ഉടൻ മാറിനിൽക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യുക.
- തകർന്നു വീണ അവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കളോ മാരകമായ രാസവസ്തുക്കളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ യാതൊരു കാരണവശാലും അവ സ്പർശിക്കാനോ അടുത്തേക്ക് പോകാനോ പാടില്ല.
- അപകടസ്ഥലത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും ഒഴിവാക്കുക.
- രക്ഷാപ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും തടസ്സമില്ലാതെ സംഭവസ്ഥലത്ത് എത്തുന്നതിനായി പൊതുജനങ്ങൾ അവിടെ കൂട്ടംകൂടി നിൽക്കരുത്.
- രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കുക. അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വാർത്തകളും പ്രചരിപ്പിക്കരുത്.
- കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും പരിഭ്രാന്തി കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുക.
അടിയന്തര സഹായത്തിന്
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുക.


