
ഭോപ്പാല്‍: ലോകപ്രശസ്തമായ കടക്‌നാഥ് കരിങ്കോഴിയുടെ പേരില്‍ മധ്യപ്രദേശും ഛത്തീസ്ഗഢും തമ്മില്‍ തര്‍ക്കം. കരിങ്കോഴിയുടെ ജന്മദേശം ഏതെന്നതിനെ ചൊല്ലിയാണ് ഇരുസംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായഭിന്നത. ചെന്നൈയിലെ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ്ട്രറി അധികൃതര്‍ക്ക് മുന്നില്‍ കടക്‌നാഥ് ചിക്കന്റെ അവകാശവാദം ശക്തമായി ഉന്നയിച്ചിരിക്കുകയാണ് ഇരുസംസ്ഥാനങ്ങളുമിപ്പോള്‍.
അപൂര്‍വ്വം ഇനം പക്ഷിയാണ് കടക്‌നാഥ് കരിങ്കോഴി എന്നതിനാല്‍ ഇതിന് കിട്ടുന്ന ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ് ഭാവിയില്‍ ഇവയുടെ വിപണനത്തിനും വ്യാപാരത്തിലും നിര്‍ണായകമായിരിക്കും ഇതു മുന്നില്‍ കണ്ടാണ് കരിങ്കോഴിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ ഇരുസംസ്ഥാനങ്ങളും വീറോടെ പൊരുതുന്നത്.
പ്രോട്ടീന്‍ സമ്പന്നമായ കടക്‌നാഥ് കരിങ്കോഴിക്ക് സാധാരണ ബ്രോയിലര്‍ കോഴിയേക്കാള്‍ മൂന്നിരട്ടിയാണ് വില. 700 രൂപ മുതല്‍ ആയിരം രൂപ വരെയാണ് രാജ്യത്തെ വിവിധ വിപണികളില്‍ ഇവയുടെ വില. കടക്‌നാഥ് കോഴിയുടെ മുട്ടയ്ക്ക് തന്നെ 50 രൂപയിലേറെ വിലയുണ്ട്. ഉയര്‍ന്ന അളവിലുള്ള അയണ്‍ അംശവും കുറഞ്ഞ കൊഴുപ്പും ഇവയെ ജനപ്രിയമാക്കുന്നു.
മധ്യപ്രദേശിലെ ജൗബ ജില്ലയിലാണ് കടക്‌നാഥ് കോഴികളുടെ ജന്മദേശമെന്നാണ് മധ്യപ്രദേശ് മൃഗസംരക്ഷണവകുപ്പ് അഡീ.ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഭഗവാന്‍ മന്‍ഗനി പറയുന്നത്. ഇവിടെയുള്ള ആദിവാസികള്‍ കടക്‌നാഥ് കോഴികളെ പരമ്പരാഗതമായി വളര്‍ത്തുന്നവരാണ്. അവരുടെ പേരില്‍ 2012-ല്‍ തന്നെ ഞങ്ങള്‍ ജി.ഐ ടാഗിനായി അപേക്ഷ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫാമുകളിലൂടെ വര്‍ഷം രണ്ടരലക്ഷം കടക്‌നാഥ് കോഴികളെ ഞങ്ങളെ ഉദ്പാദിപ്പിക്കുന്നുമുണ്ട് ഡോ.ഭഗവാന്‍ പറയുന്നു.
അതേസമയം നക്‌സല്‍ ആക്രമണങ്ങള്‍ക്ക് കുപ്രസിദ്ധമായ ദന്തേവാഢ ജില്ലയാണ് കടക്‌നാഥ് കോഴികളുടെ ജന്മനാടെന്നാണ് ഛത്തീസ്ഗഢിലെ ഗ്ലോബല്‍ ബിസിനസ് ഇന്‍ക്യുബേറ്റര്‍ ചെയര്‍മാന്‍ ശ്രീനിവാസ് ഗൊഗിനേനി പറയുന്നത്. ഇവിടുത്തെ ആദിവാസികള്‍ നൂറ്റാണ്ടുകളായി കടക്‌നാഥ് കോഴികളെ വളര്‍ത്തുന്നുണ്ടെന്നും നക്‌സല്‍ സാന്നിധ്യം കാരണമുള്ള പ്രശ്‌നങ്ങള്‍ കാരണം ഇവയുടെ വിപണനം വേണ്ട രീതിയില്‍ നടത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ഛത്തീസ്ഗഢിലെആദിവാസി വനിതകള്‍ ചേര്‍ന്ന് 160 യൂണിറ്റുകള്‍ വഴി പ്രതിവര്‍ഷം നാല് ലക്ഷം കടക്‌നാഥ് കരിങ്കോഴികളെ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ ഉദ്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ സ്വന്തം ആറന്മുള കണ്ണാടിയുള്‍പ്പെടെ അപൂര്‍വമായ പലനിര്‍മ്മിതികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും നേരത്തെ തന്നെ ജിഐ ടാഗ് ലഭിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി എന്ന ട്രേഡ്മാര്‍ക്ക് നാമം സ്വന്തമാക്കാന്‍ കേരളവും കര്‍ണാടകവും തമ്മില്‍ നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചെന്നൈയില്‍ ട്രേഡ് മാര്‍ക്ക് രജിസ്ട്രി മുന്‍പാകെ ഇതിനായി അവകാശവാദം ഉന്നയിച്ചു കാത്തിരിക്കുകയാണ് ഇരുസംസ്ഥാനങ്ങളിലേയും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ ഇപ്പോള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam