സീറോ മലബാര്‍ സഭാ ഭൂമി ഇടപാട്; കേസ് ഇന്ന് രജിസ്റ്റർ ചെയ്യും

By Web DeskFirst Published Mar 7, 2018, 6:34 AM IST
Highlights
  • കർദ്ദിനാൽ മാർ ജോർജ്ജ് ആലഞ്ചേരിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് എഫ്ഐആർ

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. കർദ്ദിനാൽ മാർ ജോർജ്ജ് ആലഞ്ചേരിയുള്‍പ്പെടെ മൂന്ന് വൈദികര്‍, ഇടനിലക്കാരന്‍ സാബു വർഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരായാണ് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക. ഹൈക്കോടതി ഉത്തരവിന്‍റെ പകർപ്പ് കിട്ടിയ ശേഷം തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് കർദ്ദിനാളിന്‍റെ തീരുമാനം. 

കർദ്ദിനാളിനെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പകർപ്പ് പൊലീസിന് കഴിഞ്ഞ ദിവസം കിട്ടിയിരുന്നില്ല. ഉത്തരവ് പരിശോധിച്ച ശേഷം തുടർനടപടി മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് സെൻട്രൽ പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഗൂഡാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ പ്രകടമായിട്ടും പൊലീസ് കേസെടുക്കാതിരുന്നത് ശരിയായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കർദ്ദിനാളിനെതിരെ ക്രിമിനൽ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് ശേഷവും സീറോ മലബാർ സഭ അടിയന്തര സിനഡ് യോഗം കർദ്ദിനാളിന് പിന്തുണ അറിയിച്ചു. കേസിൽ അന്വേഷണമാകാമെന്ന് മാത്രമാണ് ഉത്തരവിലുള്ളത്, അല്ലാതെ കർദ്ദിനാൽ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. അതിനാൽ കർദ്ദിനാൽ രാജി വെക്കേണ്ട സാഹചര്യമില്ലെന്നാണ് സിനഡിന്‍റെ വിലയിരുത്തൽ. 

രാജ്യത്തെ നിയമങ്ങളും,കാനോനിക നിയമങ്ങളും പാലിച്ചാണ് ഭൂമി ഇടപാട് നടത്തിയതെന്ന് മാർ ജോർജ്ജ് ആലഞ്ചേരി സിനഡില്‍ നിലപാടെടുത്തു. ഭൂമി ഇടപാട് സഭക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നത്  ഭാഗികമായി ശരിയാണെന്ന് കണ്ടെത്തിയ സിനഡ്, എന്നാൽ ഇടനിലക്കാരന്‍റെയും ഭൂമി വാങ്ങിയവരുടെയും ഭാഗത്തെ പിഴവാണ് ഇതിന് കാരണമെന്നും കർദ്ദിനാൾ വീഴ്ച വരുത്തിയിട്ടില്ലെന്നും വിശദീകരിക്കുന്നു. 

പാലക്കാട്,തൃശൂർ,ചങ്ങനാശ്ശേരി,കോട്ടയം അതിരൂപതകളിലെ ബിഷപ്പുമാരാണ് കൊച്ചിയിൽ ചേർന്ന അടിയന്തര സിനഡ് യോഗത്തിൽ പങ്കെടുത്തത്. കർദ്ദിനാൽ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ സിനഡ് ചേർന്ന സഭാ ആസ്ഥാനത്ത്  പ്രതിഷേധിച്ചു.

click me!