
കോഴിക്കോട്‍: സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാസെക്രട്ടറി പി ശശിയുടെ സഹോദരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ വസ്തുതകള്‍ മറച്ച് വച്ച് എഫ്ഐആര്‍. മുഖ്യമന്ത്രിയുടെയും സിപിഎം ഉന്നതരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന പരാതിക്കാരിയുടെ മൊഴിയെ കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല. വെറുമൊരു തട്ടിപ്പ് കേസെന്ന നിലക്കാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആശ്രിത നിയമനത്തിന് സഹായിക്കാമെന്ന വാഗ്ദാനവുമായി രണ്ടര ലക്ഷം രൂപയാണ് പി സതീശന്‍ ഫറൂക്ക് സ്വദേശി പ്രതിഭയില്‍ നിന്ന് തട്ടിയത്. മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയുമായി അടുപ്പമുണ്ടെന്ന അവകാശ വാദവും ഇവര്‍ വിശ്വസിച്ചു. പരാതിയിലും പിന്നീട് പോലീസിന് നല്‍കിയ മൊഴിയിലും പ്രതിഭ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ എഫ്ഐആറില്‍ തട്ടിപ്പിന്‍റെ രീതി വിശദീകരിച്ചിട്ടില്ല. പ്രതിഭയില്‍ നിന്ന് പണം വാങ്ങിയെന്നും, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് സതീശനെതിരായ കുറ്റം.
പരാതിക്കാരിയുടെ മൊഴിയിലെ പ്രധാന ഭാഗം ഒഴിവാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ശരിയായ നടപടിയല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ഇടപെടല്‍ കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക നിലനില്‍ക്കെയുള്ള നടപടി ദുരൂഹമാണ്.
വഞ്ചനാകുറ്റത്തിന് ഐപിസി 420 ഉം, ഭീഷണിപ്പെടുത്തിയതിന് 506 ഉപവകുപ്പ് ഒന്നുമാണ് സതീശനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാലുടന്‍ കേരളാപോലീസിന്‍റെ വൈബ്സൈറ്റില്‍ എഫ്ഐആര്‍ പരസ്യപ്പെടുത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.എന്നാല്‍ രണ്ടാഴ്ചയായിട്ടും ഈ കേസിന്‍റെ എഫ്ഐആര്‍ വൈബ്സൈറ്റിലെത്തിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam