കേരളം കരയുന്നു; ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം; മരണം 108 ആയി

By Asianet NewsFirst Published Apr 8, 2016, 10:59 PM IST
Highlights

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരണം 108 ആയി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുകയാണു കേരളം. പരുക്കേറ്റ മുന്നൂറോളം പേര്‍ ആശുപത്രികളില്‍ കഴിയുകയാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമായി തുടരുന്നു.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നേതൃത്വത്തില്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. പരുക്കേറ്റവരില്‍ 78 പേരെ ഇതിനോടകം തിരിച്ചറിഞ്ഞു. പല മൃതദേഹങ്ങളും സ്ഫോടനത്തില്‍ തിരിച്ചറിയാകനാവാത്ത വിധമായതിനാല്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ളവ വേണ്ടിവരും. ഇതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 45 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന 30 പേരുടെ സംഘം കൊല്ലത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്യാംപ് ചെയ്ത് ഇവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അപകട സ്ഥലം സന്ദര്‍ശിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. കേരളത്തിന്‍റെ ദുഃഖത്തില്‍ രാജ്യം പങ്കുചേരുന്നെന്നും, എന്തു സഹായത്തിനും കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്നും കൊല്ലത്തു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നന്ദ കൊല്ലത്ത് ക്യാംപ് ചെയ്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. വെടിക്കെട്ടു നടക്കുന്നതിനിടെ പാതി പൊട്ടിയ അമിട്ട് കമ്പപ്പുരയ്ക്കു മുകളില്‍ വീഴുകയായിരുന്നു. കൂട്ടിവച്ചിരുന്ന വന്‍ സ്ഫോടക ശേഖരം ഉഗ്ര തീവ്രതയില്‍ പൊട്ടിത്തെറിച്ചു. ഒന്നര കിലോമീറ്ററോളം സ്ഫോടനത്തിന്റെ ആഘാതമുണ്ടായി. ഇവിടങ്ങളിലെ കെട്ടിടങ്ങള്‍ക്കെല്ലാം കേടുപാടുപറ്റി. ക്ഷേത്ര പരിസരത്തെ വലിയ കെട്ടിടങ്ങള്‍പോലും സ്ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നു. സ്ഫോടനമുണ്ടായ ഉടന്‍ ആളുകള്‍ ചിതറിയോടിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

ഗുരുതരമായി പരുക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കിംസ് ആശുപത്രി, അനന്തപുരി ആശുപത്രി, സ്വകാര്യ മെഡിക്കല്‍ കോളജ് തുടങ്ങി 12 ഓളം ആശുപത്രികളിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ എല്ലാ ആശുപത്രികളിലേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

രക്ഷാ പ്രവര്‍ത്തനത്തിന് നാവിക സേനയുടേയും വ്യോമ സേനയുടേയും ആറു ഹെലികോപ്റ്ററുകള്‍ കൊല്ലത്ത് എത്തിയിട്ടുണ്ട്. സൈനിക വിഭാഗങ്ങള്‍‍ അവരുടെ മെഡിക്കല്‍ സംഘത്തോടൊപ്പം മരുന്നുകളും കൊണ്ടുവന്നിട്ടുണ്ട്. ആശ്രാമം മൈതാനത്ത് എയര്‍ആംബുലന്‍സുകള്‍ തയാറായി നില്‍ക്കുന്നുണ്ട്. നാവിക സേനയുടെ രണ്ടു കപ്പലുകളും കൊല്ലത്തേക്കു പുറപ്പെട്ടിട്ടുണ്ട്.

അപകട സമയത്ത് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും അറിയിക്കാനും കൊല്ലത്ത് കണ്‍ട്രോള്‍ റൂം തുറന്നു. 0474 - 2512344, 9497930863, 9497960778 എന്നിവയാണു നമ്പറുകള്‍.

മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ 12 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും നല്‍കും.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം. ആറു മാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എ‍ഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ സംസ്ഥാന പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!