പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം

By Web DeskFirst Published Feb 24, 2017, 9:52 PM IST
Highlights

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം. വടക്കേ നടയ്ക്ക് സമീപം അതീവ സുരക്ഷാ മേഖലയിലാണ് തീപിടിത്തം ഉണ്ടായത്. തീ പിടിത്തത്തില്‍ പുരാവസ്തു വകുപ്പിന്റെ മൂന്ന് ഓഫീസുകളും പോസ്റ്റ് ഓഫീസും ഗോഡൗണും കത്തിനശിച്ചു. നാല് യൂണിറ്റുകളില്‍ നിന്നുള്ള അഗ്നിശമന വാഹനങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കായിതാണ് തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായത്. പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്.

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കമാന്‍ഡോ ആദര്‍ശിനും ഫയര്‍ഫോഴ്സ് ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.കെട്ടിടത്തിന് സമീപം ചവറിന് തീയിട്ടിരുന്നു, ഇതിൽ നീന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രം കമാന്‍ഡോകളുടെ സി.സി.ടി.വി യിലാണ് തീ പടരുന്നത് ആദ്യം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സംഭവം  അഗ്നിശമന സേനാ വിഭാഗത്തെ അറിയിക്കുകയായിരുന്നു.

വടക്കേ നടയ്ക്ക് സമീപത്തെ ഗോഡൗണ്‍, പോസ്റ്റ്ഓഫീസ് എന്നിവ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. തപാല്‍ ഉരുപ്പടികള്‍ മുഴുവനായും ചാക്കില്‍ കെട്ടി സൂക്ഷിക്കുന്ന സ്ഥലമാണ് തീ പിടിത്തത്തില്‍ ചാമ്പലായ ഗോഡൗണ്‍. അതുകൊണ്ട് തന്നെ വലിയ നാശനഷ്ടമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അഗ്നിശമന സേനാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. തൊട്ടടുത്ത പോസ്റ്റ്ഓഫീസും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

പത്മനാഭ ക്ഷേത്രത്തിന് അമ്പത് മീറ്റര്‍ ദൂരത്ത് മാത്രമാണ് പഴയ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ഗോഡൗണും പോസ്റ്റ്ഓഫീസും സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ അഗ്നിശമന സേനാ അധികൃതര്‍ എത്തിയ ഉടനെ ഇതിനടുത്തുള്ള കെട്ടിടം പൊളിച്ച് നീക്കിയതാണ് തീ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കഴിഞ്ഞു.ഗോഡൗൺ മാറ്റണമെന്ന്  രണ്ടുതവണ അറിയിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

click me!