ഉത്തർപ്രദേശിൽ പാമ്പുകടിയേറ്റ ഇ-റിക്ഷാ ഡ്രൈവർ, കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി. ചികിത്സ വൈകിയെന്ന് ഇയാൾ ആരോപിച്ചപ്പോൾ, മറ്റ് രോഗികളുടെ സുരക്ഷയെക്കരുതി പാമ്പിനെ പുറത്തുവിടാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. 

ലഖ്നൗ: കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി റിക്ഷാ ഡ്രൈവർ. ഉത്തർപ്രദേശിലാണ് സംഭവം. ഒരു ഇ-റിക്ഷാ ഡ്രൈവർ പോക്കറ്റിൽ 1.5 അടി നീളമുള്ള പാമ്പുമായാണ് ജില്ലാ ആശുപത്രിയിൽ എത്തിയത്. ഈ പാമ്പാണ് തന്നെ കടിച്ചതെന്ന് ഇയാൾ ആരോപിച്ചു. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പാമ്പ് കടിച്ചതിനെ തുടർന്ന് പ്രദേശവാസിയായ ദീപക് (39) ആണ് വിഷത്തിനെതിരെയുള്ള കുത്തിവയ്പ്പിനായി ആശുപത്രിയിൽ എത്തിയത്.

വീഡിയോയിൽ, തന്നെ കടിച്ച പാമ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, അയാൾ തന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്ന് പാമ്പിനെ പുറത്തെടുത്ത് മേശപ്പുറത്ത് വെച്ചു. ഏകദേശം 30 മിനിറ്റ് മുമ്പ് താൻ ആശുപത്രിയിൽ എത്തിയിരുന്നുവെന്ന് ഇയാൾ പറഞ്ഞു. ആശുപത്രിയിൽ സൗകര്യങ്ങളൊന്നുമില്ലെന്ന് അദ്ദേഹം ആരോപിച്ചു. മറ്റ് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നതിനാൽ ഇഴജന്തുക്കളെ പുറത്ത് വിടാൻ ഇയാളോട് ആശുപത്രി പറഞ്ഞതായി ചീഫ് മെഡിക്കൽ സൂപ്രണ്ട് നീരജ് അഗർവാൾ അറിയിച്ചു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി, അവർ പാമ്പിനെ രക്ഷപ്പെടുത്തി. പാമ്പിനെ ഇയാൾ വളർത്തുന്നതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.