റൊഹിങ്ക്യൻ  കോളനി കത്തിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുവമോർച്ച നേതാവ്

By Web DeskFirst Published Apr 17, 2018, 2:35 PM IST
Highlights
  •  ദില്ലിയിലെ റൊഹിങ്ക്യൻ അഭയാർത്ഥികളുടെ കോളനി കത്തിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി യുവമോർച്ച നേതാവിന്‍റെ ട്വീറ്റ്

ദില്ലി: ദില്ലിയിലെ റൊഹിങ്ക്യൻ അഭയാർത്ഥികളുടെ കോളനി കത്തിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി യുവമോർച്ച നേതാവിന്‍റെ ട്വീറ്റ്. യുവമോർച്ച നേതാവ് മനീഷ് ചണ്ടേലയാണ് കോളനി കത്തിച്ചതായി ട്വീറ്റ് ചെയ്തത്. ഞായറാഴ്ച്ചയുണ്ടായ തീപിടിത്തത്തിൽ രോഹിംഗ്യകളുടെ 47 കുടിലുകളാണ് കത്തിനശിച്ചത്

ദില്ലി കാളിന്ദികുഞ്ജിലെ രോഹിംഗ്യൻ അഭയാര്‍ത്ഥി കോളനിയിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കോളിനിവാസികൾ ആരോപിച്ചിരുന്നു ഇതിനിടെയാണ് കോളനിക്ക് തീവച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുവമോർച്ച നേതാവ് മനീഷ് ചണ്ടേല ട്വീറ്റ് ചെയ്തത്. റൊഹിങ്ക്യൻ അഭയാര്‍ത്ഥികളെ തീവ്രവാദികളായി ചിത്രീകരിച്ചായിരുന്നു ട്വീറ്റ്. 

ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതോടെ ട്വീറ്റ് ചണ്ടേല ആദ്യം പിൻവലിച്ചെങ്കിലും പിന്നീട് റോഹിങ്ക്യ ക്വിറ്റ് ഇന്ത്യ എന്ന ഹാഷ് ടാഗുമായി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഉള്ളതെല്ലാം കത്തിനശിച്ച റോഹിങ്ക്യൻ അഭയാര്‍ത്ഥികൾക്ക് സന്നദ്ധ സംഘടനകൾ ഭക്ഷണവുംവെള്ളവും എത്തിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നാണ് കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാര്‍ടികളുടെ ആരോപണം. 

റോഹിങ്ക്യൻ അഭയാര്‍ത്ഥികളിൽ തീവ്രവാദികളുണ്ടെന്നും ഇവര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നാണ് കേന്ദ്രം വാദിച്ചു. റോഹിങ്ക്യൻ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര നീക്കത്തിനിടെയാണ് കോളനിയിലെ അഗ്നിബാധയും അതിന്‍റെ ഉത്തരവാദിത്തം ഒരു യുവമോര്‍ച്ച നേതാവ് ഏറ്റെടുക്കുകയും ചെയ്യുന്നത്. 
 

click me!