തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ആർ.ശ്രീലേഖ, വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്തിനോട് കോർപറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടു. ഒരു കൗൺസിലർക്ക് ഓഫീസ് ലഭിക്കുന്നതിനും എംഎൽഎയെ ഒഴിപ്പിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഒരു കോർപറേഷൻ ഭരണം പിടിച്ച ബിജെപിയുടെ ഭാഗത്ത് നിന്ന് ആദ്യമുണ്ടായ നീക്കം തിരുവനന്തപുരത്തെ എന്ന് മാത്രമല്ല, കേരളത്തെയാകെ അമ്പരപ്പിച്ചു. ബിജെപി കൗൺസിലർ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖ ഫോണിൽ വിളിച്ചാണ് വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്. ശാസ്തമംഗലത്ത് കോർപറേഷൻ്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്നാണ് ആവശ്യം. എന്നാൽ കൗൺസിലറാണോ എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കേണ്ടതെന്നും എന്താണ് ഇതിനുള്ള നടപടിക്രമം എന്നുമാണ് ഉയരുന്ന ചോദ്യം.
ഒരു കോർപറേഷൻ കൗൺസിലർക്ക് പ്രവർത്തിക്കാൻ ഓഫീസ് കോർപറേഷൻ കെട്ടിടത്തിൽ ആവശ്യമെങ്കിൽ ഇതിനായി കോർപറേഷൻ മേയറെയാണ് ആദ്യം സമീപിക്കേണ്ടത്. നിലവിൽ കോർപറേഷൻ മേയർ വിവി രാജേഷായതിനാൽ ഇദ്ദേഹത്തിനാണ് ആദ്യം കത്ത് നൽകേണ്ടത്. ഇത് മേയർ കോർപറേഷൻ സെക്രട്ടറിക്ക് കൈമാറും. തുടർന്ന് കോർപറേഷൻ്റെ കെട്ടിടത്തിൽ സ്ഥലം ഒഴിവുണ്ടോയെന്ന് പരിശോധിച്ച് സെക്രട്ടറിയാണ് നടപടിയെടുക്കേണ്ടത്. സ്ഥലം ഒഴിവുണ്ടെങ്കിൽ അത് കൗൺസിലർക്ക് ലഭിക്കും. കെട്ടിടത്തിൽ ഒഴിവില്ലെങ്കിൽ സ്വകാര്യ കെട്ടിടം വാടകയ്ക്ക് എടുക്കാം. ഇവിടെ വാടകയ്ക്കായി മാസം പരമാവധി എട്ടായിരം രൂപ കോർപറേഷൻ കൗൺസിലർക്ക് നൽകും എന്നതുമാണ് ചട്ടം.
കോർപറേഷൻ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കാൻ അനുവാദം നൽകിയത് തിരുവനന്തപുരം കോർപറേഷനിലെ മുൻ ഇടത് ഭരണസമിതിയാണ്. അടുത്ത മാർച്ച് മാസം വരെയാണ് കോർപറേഷൻ കെട്ടിടത്തിൽ എംഎൽഎ ഓഫീസിന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഏപ്രിലോടെ ഈ നിയമസഭയുടെ കാലാവധി അവസാനിക്കും. മെയ് മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കും. ഈ സാഹചര്യത്തിൽ മാസങ്ങൾ ബാക്കിനിൽക്കെ, എംഎൽഎ ഓഫീസിൽ നിന്ന് വികെ പ്രശാന്തിനെ ഇറക്കിവിടണമെങ്കിൽ അതിനുള്ള അധികാരം കോർപറേഷൻ ഭരണസമിതിക്കാണ്. ബിജെപിക്ക് ഭൂരിപക്ഷമുള്ള കോർപറേഷൻ കൗൺസിലിൽ ഈ ആവശ്യത്തെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചാൽ വികെ പ്രശാന്തിന് എംഎൽഎ ഓഫീസ് ഒഴിയേണ്ടി വരും.


