വെടിക്കെട്ട് നിരോധനം: പൊതുതാത്പര്യ ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍

By Asianet newsFirst Published Apr 12, 2016, 1:17 AM IST
Highlights

കൊച്ചി: പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് വി. ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി കണക്കാക്കിയാണു ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുക. 

പരവൂര്‍ ദുരന്തം കണക്കിലെടുത്ത് വെടിക്കെട്ടുകള്‍ നിരോധിക്കണമെന്നാണു ജസ്റ്റിസ് ചിദംബരേഷ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തിലെ പ്രധാന ആവശ്യം. മനുഷ്യ ജീവനാണു പ്രധാനപ്പെട്ടത്. പണം കൊണ്ട് അതിന് പകരം വയ്ക്കാനാകില്ല. സുപ്രീം കോടതിക്കു ജെല്ലിക്കെട്ട് നിരോധിക്കാമെങ്കില്‍ ഹൈക്കോടതിക്ക് വെടിക്കെട്ട് എന്തുകൊണ്ട് നിരോധിച്ചുകൂടാ.

ആരാധനാലയങ്ങളിലെ ആഘോഷങ്ങളുടെ പേരിലുള്ള ഇത്തരം വിവേകമില്ലാത്ത ഏര്‍പ്പാടുകള്‍ അവസാനിപ്പിക്കണമെന്നാണു കത്തിലെ മറ്റൊരാവശ്യം. കതിന, അമിട്ട് പോലുള്ള അതീവ സ്‌ഫോടകശേഷിയുളള കരിമരുന്നുകളും നിരോധിക്കണം.

ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ ഈ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി കണക്കാക്കിയാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ചാകും വെടിക്കെട്ട് നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കുക. 
 

click me!