
കൊച്ചി: മത്സ്യത്തിലെ വിഷാംശം കണ്ടെത്തുന്നതിനുള്ള പരിശോധനാകിറ്റ് ഉടന്‍ വിപണിയിലെത്തിക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത പരിശോധനാ കിറ്റ് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മാക്കാന്‍ മുംബൈ ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചു.
കിറ്റ് നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള മത്സ്യഫെഡിനെ പലതവണ സമീപിച്ചെങ്കിലും ഇവര്‍ തയ്യാറാവാത്തത് കാരണമാണ് നിര്‍മ്മാണം വൈകുന്നതെന്ന് സിഐഎഫ്‍ടി ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അമോണിയ,ഫോര്‍മലിന്‍ പരിശോധന കിറ്റ് സി.ഐ.എഫ്.ടി തയ്യാറാക്കിയിരുന്നു. മുബൈ ആസ്ഥാനമായ ഹൈ മീഡിയ ലബോറട്ടറീസ് എന്ന സ്ഥാപനത്തിനാണ് കിറ്റിന്റെ നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. ഈ കമ്പനി അധികൃതര്‍ക്ക് കിറ്റ് നിര്‍മ്മാണത്തിനുള്ള പരിശീലനം തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങും. വിപണിയിലെത്തുന്ന പരിശോധനാ കിറ്റ് പൊതുജനങ്ങള്‍ക്ക് പണം നല്‍കി വാങ്ങാം. ലളിതമായ മാര്‍ഗങ്ങളിലൂടെ മത്സ്യത്തിലെ വിഷാംശം തിരിച്ചറിയാനും കഴിയും.
നിലവില്‍ മീനുകളിലെ മായം ചേര്‍ക്കല്‍ കണ്ടെത്താന്‍ തടസ്സമാകുന്നത് പരിശോധനാ കിറ്റിന്റെ ലഭ്യതക്കുറവാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നത്. മീനിലെ വിഷാംശം സംബന്ധിച്ച് പലയിടത്തുനിന്നും പരാതി ഉയരുന്നുണ്ടെങ്കിലും തുടര്‍ച്ചയായി പരിശോധന നടത്താന്‍ സി.ഐ.എഫ്.ടിയുടെ കിറ്റ് ലഭിക്കാത്തത് കൊണ്ട് സാധിക്കുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam