
തിരുവനന്തപുരം: ആര്‍ത്തിരമ്പിയെത്തുന്ന തിരമാലകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഒപ്പം നീന്തിയ ചങ്ങാതി കടലിനടിത്തട്ടിലേക്ക് മറയുമ്പോള്‍ ഇനി മരണമെന്നുറപ്പിച്ച സൈറസിനും സംഘത്തിനും രക്ഷകരായി എത്തിയത് മത്സ്യബന്ധന ബോട്ട്. പതിവായി കടലില്‍ പോകുന്നതിനു മുന്‍പ് തമിഴ്‌നാടുമായി ബന്ധപ്പെട്ട് കാലവസ്ഥ വിവരങ്ങള്‍ ചോദിച്ചറിയുന്ന സൈറസിനും സംഘത്തിനും ഓഖിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കിട്ടാത്തത് കൂടെയുണ്ടായിരുന്ന ഒരാളുടെ ജീവന്‍ കടല്‍ കൊണ്ടുപോകാന്‍ കാരണമായി.
പൂവാര്‍ വരവിളതോപ്പ് അജി ഭവനില്‍ സൈറസി(51)ന് നാല്‍പതു വര്‍ഷത്തെ മത്സ്യബന്ധന ജീവിതത്തിനിടയില്‍ ഇത്തരമൊരു അനുഭവം ഇതാദ്യമാണ്. പതിവ് പോലെ മത്സ്യബന്ധനത്തിനു പോകുന്നതിനു തലേന്ന് തമിഴ്‌നാടുള്ള ഒരു ഉദ്യോഗസ്ഥനുമായി സൈറസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കടലില്‍ ശക്തമായ കാറ്റ് അടിക്കാന്‍ സാധ്യത ഉണ്ടെന്ന വിവരങ്ങളും അതിന്റെ ഓരോ സമയത്തെ വേഗതയും ഉദ്യോഗസ്ഥന്‍ സൈറസിന് വിവരിച്ചു കൊടുത്തു. എന്നാല്‍ ചുഴലികാറ്റിന്റെയോ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെയൊ മുന്നറിയിപ്പ് ലഭിച്ചില്ല.
തുടര്‍ന്ന് 29 ന് രാവിലെ പത്തു മണിയോടെ സൈറസ് ഉള്‍പ്പെടുന്ന ഏഴംഗ സംഘം മത്സ്യബന്ധനത്തിനു തിരിച്ചു. കരയില്‍ നിന്ന് 82 കിലോമീറ്റര്‍ ഉള്ളില്‍ വെച്ച് രാത്രി എട്ടുമണിയോടെ അന്തരീക്ഷത്തിന്റെ സ്വഭാവം പെട്ടെന്ന് തന്നെ മാറുന്നത് സൈറസ് ശ്രദ്ധിച്ചു. കടല്‍ പ്രക്ഷുബ്ധമായത്തോടെ തിരിച്ചു വരാന്‍ പറ്റാതെ നങ്കൂരമിട്ടു ഏറെ നേരം കിടന്നു. കടലിലിന്റെ കലി ഓരോ മണിക്കൂറും കൂടി വന്നതോടെ സംഘം തിരിച്ചു കര ലക്ഷ്യമിട്ട് നീങ്ങി. എന്നാല്‍ കരയില്‍ നിന്ന് 57 കിലോമീറ്റര്‍ ദൂരത്തില്‍ എത്തിയപ്പോള്‍ ശക്തമായ തിരയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം തെറിച്ച് തലകീഴായി മറിഞ്ഞു. ഇതിന്റെ ആഘാതത്തില്‍ വള്ളത്തില്‍ ഉണ്ടായിരുന്ന ഏഴുപേരും ഓരോയിടത്തേക്ക് തെറിച്ചു വീണു.
മറിഞ്ഞ വള്ളത്തെ അപ്പോഴേക്കും ശക്തമായ തിര രണ്ടുകിലോമീറ്ററോളം നീക്കി കൊണ്ടുപോയിരുന്നു. പ്രാണരക്ഷാര്‍ത്ഥം കലിതുള്ളി നില്‍ക്കുന്ന കടലിനോട് മല്ലടിച്ചു സൈറസും സംഘവും ബോട്ട് ലക്ഷ്യംവച്ച് നീന്തി. ഇതിനിടയ്ക്ക് ഒരു ഒച്ച കേട്ട് സംഘം തിരിഞ്ഞു നോക്കുമ്പോഴേക്കും കുറച്ചു ദൂരെമാറി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന തങ്കപ്പന്‍ മുങ്ങിത്താഴുന്ന കാഴ്ചയാണ് കണ്ടത്. തിരികെ തങ്കപ്പന്റെ അടുത്തേക്ക് നീന്താന്‍ സംഘം ശ്രമിച്ചെങ്കിലും തങ്ങള്‍ പരാജയപ്പെട്ടെന്നും തങ്കപ്പന്‍ തിരമാലകള്‍ക്കിടയില്‍ അപ്രത്യക്ഷമായെന്നും സൈറസ് പറഞ്ഞു.
മറ്റു ആറുപേരും മറിഞ്ഞു കിടന്ന വള്ളത്തില്‍ ഒരുവിധം എത്തിപ്പെട്ടു പിടിച്ചു കിടന്നു. കഠിനമായ തണുപ്പിനെയും ഓരോ നിമിഷവും അവശതയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ശരീരത്തെയും അതിജീവിച്ച് വിശപ്പിനെ മറികടക്കാന്‍ ഉപ്പ് വെള്ളം കുടിച്ചുമാണ് സംഘം കടലില്‍ കിടന്നത്. ഒന്നാം തിയതി ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ദൈവ ദൂതരെ പോലെ ഒരു മത്സ്യബന്ധന ബോട്ട് എത്തുന്നത്. പ്രാണരക്ഷാര്‍ത്ഥം കര നോക്കി കുതിച്ച ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ തങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നുവെന്ന് സൈറസ് ഓര്‍ക്കുന്നു.
കടലില്‍ നിന്നും രക്ഷപ്പെടുത്തിയ പൂന്തുറ സ്വദേശികളായ മറ്റു നാലുപേരും ആ ബോട്ടിലുണ്ടായിരുന്നു. എന്നാല്‍ അതിലൊരാള്‍ കരയിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങി. രക്ഷപ്പെട്ടവരുടെ എല്ലാം ശാരീരിക സ്ഥിതി മോശമായതിനാല്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ഇവരുടെ എല്ലാം ശരീരത്തില്‍ ഉപ്പിന്റെ അംശം 1500 മുതല്‍ 1700 വരെയാണെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സൈറസും സംഘവും തിരികെ വീട്ടില്‍ എത്തിയത്. നാലു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് സൈറസിന്. ഉപജീവനമാര്‍ഗ്ഗമായ മത്സ്യബന്ധന വള്ളവും അനുബന്ധ ഉപകരണങ്ങളും കടല്‍ എടുത്തതോടെ സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് മാത്രമാണ് സൈറസിനും കുടുംബത്തിനും ഇനി പ്രതീക്ഷ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam