മത്സ്യതൊഴിലാളിയെ കാണാതായിട്ട് 13 വർഷം; കുടുംബത്തിന് ആനുകൂല്ല്യങ്ങള്‍ നിഷേധിച്ചു

By Web DeskFirst Published Dec 20, 2017, 10:29 AM IST
Highlights

തിരുവനന്തപുരം: സുനാമി തിരയിൽപ്പെട്ട് കാണാതായ മത്സ്യതൊഴിലാളിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ നിഷേധിച്ച സംഭവത്തിൽ പൊലീസും അധികൃതരും നടപടിതുടങ്ങി. മനുഷ്യാവകാശകമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പതിമൂന്ന് വർഷത്തിന് ശേഷം ഫയലുകൾ ചലിച്ച് തുടങ്ങിയത്. 

ഓഖി ചുഴലിക്കാറ്റ് വൻ നാശ നഷ്ടങ്ങൾ തീർത്ത സമയത്താണ് പതിമൂന്ന് വർഷം മുമ്പ് സുനാമിതിരയിൽപെട്ട് കാണാതായ മത്സ്യ തൊഴിലാളികുടുംബം ആനുകൂല്യങ്ങൾ കിട്ടാതെ അലയുന്ന വാർത്തയെത്തിയത്. 2004 ഡിസംബർ 27 ന് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെയാണ് ബേക്കൽ സ്വദേശി ബാലൻ തിരയിൽപെട്ട് കാണാതായത്. 

പൊലീസിനും റവന്യൂ ഉദ്യോഗസ്ഥർക്കും മുന്നിലായിരുന്നു സംഭവം. മരണത്തിന് തെളിവില്ലെന്ന് പറഞ്ഞ് ഈ കുടുംബത്തിന് അർഹമായ ആനുകൂല്യങ്ങളും നിഷേധിച്ചു. വാർത്ത കണ്ടതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത മനുഷ്യവകാശകമ്മീഷൻ അധികൃതരോട് റിപ്പോർട്ടും തേടി.

കഴിഞ്ഞ ദിവസം ബാലന്റെ ഭര്യ രേണുക താമസിക്കുന്ന വീട്ടിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. അടുത്തമാസം പതിനഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കേസ് കമ്മീഷൻ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. നീണ്ട പതിമൂന്ന് വർഷത്തിന് ശേഷമാണ് ഉദ്യോഗസ്ഥർ വീണ്ടും ചലിച്ച് തുടങ്ങിയത്. ഇനിയെങ്കിലും അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
 

click me!