കാവല്‍ക്കാരാകുന്ന മത്സ്യതൊഴിലാളികള്‍; പാണ്ടനാട് ബാലാശ്രമത്തിലെ മുപ്പത്തോളം കുട്ടികളെ രക്ഷപ്പെടുത്തി- വീഡിയോ

Published : Aug 19, 2018, 02:07 AM ISTUpdated : Sep 10, 2018, 01:33 AM IST
കാവല്‍ക്കാരാകുന്ന മത്സ്യതൊഴിലാളികള്‍; പാണ്ടനാട് ബാലാശ്രമത്തിലെ മുപ്പത്തോളം കുട്ടികളെ രക്ഷപ്പെടുത്തി- വീഡിയോ

Synopsis

രക്ഷാപ്രവര്‍ത്തനത്തില്‍ അംഗമായിരുന്ന ജോണി ചെക്കിട്ടയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വാര്‍ത്ത പുറംലോകത്തെത്തിച്ചത്.

പത്തനംതിട്ട: ചെങ്ങന്നൂല്‍ പാണ്ടനാട്  വിവേകാനന്ദ സ്‌കൂളിന് സമീപത്തുള്ള ബാലാശ്രമത്തില്‍ കുടുങ്ങി കിടക്കുകയായിരുന്നു കുട്ടികളെ രക്ഷപ്പെടുത്തി. അഞ്ചിനും പത്തിനും ഇടയിലുള്ള മുപ്പതോളം കുട്ടികളെയാണ് പൂന്തുറയിലെ മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ അംഗമായിരുന്ന ജോണി ചെക്കിട്ടയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വാര്‍ത്ത പുറംലോകത്തെത്തിച്ചത്. ആ പോസ്റ്റിന്റെ പൂര്‍ണരൂപം.

രണ്ടു ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം. രണ്ടു ദിവസമായി പലരും പറയുന്നുണ്ടായിരുന്നു ചെങ്ങന്നൂര്‍ പാണ്ടനാട് വിവേകാനന്ദ സ്‌കൂളിനു സമീപമുള്ള ബാലാശ്രമത്തില്‍ 5 വയസിനും 10 വയസിനും ഇടയിലുള്ള മുപ്പതോളം കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്. രക്ഷാപ്രവര്‍ത്തകര്‍ക്കു കടന്നു ചെല്ലാനാവാത്ത വിധം പലയിടത്തും നല്ല കുത്തൊഴുക്കായിരുന്നു. വെള്ളം നിറഞ്ഞ റോഡില്‍ നിന്നും ഇടയ്ക്കുള്ള ഞെരുങ്ങിയ വഴികളിലൂടെയായിരുന്നു പോകേണ്ടത്.

ഇന്നു ഞങ്ങളുടെ ദൗത്യസംഘത്തില്‍ ചേര്‍ന്ന ചെങ്ങന്നൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷൈബു സാര്‍ ഞങ്ങളോടു പറഞ്ഞു, എന്തായാലും അവരെ രക്ഷിച്ചേ പറ്റൂ. എന്റെ കൂടെയുള്ള ധീരന്‍മാരായ പൂന്തുറയിലെ ചുണക്കുട്ടികള്‍ #CoastalWarriors ശ്രമം ഏറ്റെടുത്തു. ഏറ്റവും ശ്രമകരമായ ദൗത്യം. അവരെ രക്ഷിക്കാനായുള്ള യാത്രയ്ക്കിടയില്‍ പല പ്രാവശ്യവും ജീവനു വേണ്ടി നിലവിളിയ്ക്കുന്ന ആഹാരത്തിനായി കേഴുന്ന പലരെയും രക്ഷിച്ചു തിരിച്ചു പോരേണ്ടി വന്നു.

അവസാന ശ്രമത്തില്‍ വഴിയില്‍ പലയിടത്തുമുള്ള കുത്തൊഴുക്കിനെ അവഗണിച്ച് ഞങ്ങളുടെ ചേലാളി പൂന്തുറക്കാരുടെ അഭിമാനമായ ധീരന്‍ അനീഷ് എഞ്ചിന്റെ നിയന്ത്രണം ഏറ്റെടുത്തു. യാത്രയ്ക്കിടയില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന പമ്പാനദിയുടെ 50 മീറ്റര്‍ അരികിലൂടെ സമാന്തരമായി 200 മീറ്ററോളം കുത്തൊഴുക്കിനെ അവഗണിച്ചു കൊണ്ട് ഞങ്ങളുടെ ചേലാളി വള്ളം ഓടിച്ചു. ശക്തമായ ഒഴുക്കില്‍ പെട്ട് വള്ളം പലയിടത്തും മതിലിലും മരങ്ങളിലും ഇടിച്ചു, ഉരഞ്ഞു നീങ്ങി. കുത്തൊഴുക്ക് കഴിഞ്ഞു പോയപ്പോള്‍ അടുത്ത പ്രതിസന്ധി.

വഴിയ്ക്കിടയില്‍ കുറെ വള്ളങ്ങള്‍ നിര്‍ത്തിയിട്ടിരിയ്ക്കുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ പറഞ്ഞത് 10 മീറ്റര്‍ സ്ഥലത്ത് വെള്ളം താഴ്ന്നിരിയ്ക്കുന്നു. മറ്റുള്ള വള്ളത്തിലുള്ളവര്‍ ഞങ്ങളെ ഉപദേശിച്ചു, ഇനി അങ്ങോട്ടു പോയാല്‍ വള്ളത്തിടെ അടിഭാഗം റോഡില്‍ ഉരയും. അതിനാല്‍ അങ്ങോട്ടു പോകാനാവില്ല. ആദ്യമായി വെള്ളം താഴ്ന്നതില്‍ ദു:ഖിച്ച നിമിഷം. കാരണം ആ ഭാഗത്തിനപ്പുറത്ത് ആയിരക്കണക്കിനാളുകള്‍ ഒറ്റപ്പെട്ടിരിയ്ക്കുന്നു. കൂടെയുള്ള ചേലാളി അനീഷ് ധൈര്യം തന്നു.

എന്തു വന്നാലും വള്ളം നമ്മള്‍ അപ്പുറത്തു കടത്തി കുട്ടികളെ രക്ഷിച്ചിരിയ്ക്കും. അവസാനം എല്ലാ പേരും വള്ളത്തില്‍ നിന്നിറങ്ങി ഒരു ഓട പോലെ കുറച്ചു വെള്ളമുള്ള ഭാഗത്തു കൂടെ വള്ളം അപ്പുറത്തു കടത്താനാരംഭിച്ചു. കുറെ പ്രാവശ്യം വള്ളം റോഡിലുരഞ്ഞു. അവസാനം അപ്പുറത്തെത്തി. വീണ്ടും യാത്ര. അവസാനം മഴ നനഞ്ഞ് ലക്ഷ്യസ്ഥാനത്തിനടുത്തെത്തി. അടുത്തതായി വീണ്ടും പ്രതിസന്ധി. വെള്ളം നിറഞ്ഞ മെയിന്‍ റോഡില്‍ നിന്നും, ഇടത്തോട്ട് തിരിഞ്ഞ് ഇടവഴികളിലൂടെ 100 മീറ്ററോളം ഉള്ളിലെത്തണം ബാലശ്രമത്തിലെത്താന്‍.

പല മതിലുകളിലും മരങ്ങളിലുമുരഞ്ഞ് ഞങ്ങള്‍ ബാലാശ്രമത്തിലെത്തി. കുട്ടികള്‍ രണ്ടാം നിലയില്‍. അകത്തെ മുറിയില്‍ നമ്മുടെ #CoastalWarrierട നീന്തിക്കയറിയപ്പോള്‍ അവിടെ ഒരു പശുവിനെ കെട്ടിയിരിയ്ക്കുന്നു. അതിന്റെ സമീപത്തു കൂടി മുകള്‍ നിലയില്‍ കയറി 27 കുട്ടികള്‍ ഉള്‍പ്പെടെ 28 പേരെ രക്ഷിയ്ക്കാന്‍ സാധിച്ചു. തിരികെ വന്നപ്പോള്‍ നാട്ടുകാരില്‍ പലരുടെയും കൂപ്പുകൈകള്‍ കണ്ടപ്പോഴാണ് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പലരുടേയും കണ്ണുകളും നിറഞ്ഞത്.

മത്സ്യത്തൊഴിലാളിയായതില്‍ അഭിമാനിച്ച് ശക്തരായ പലരുടേയും കണ്ണുകള്‍ നിമിഷം... 28 പേരെയും കരയ്‌ക്കെത്തിച്ച് എന്റെ ശക്തരായ #CoastalWarrierട വീണ്ടും അടുത്ത രക്ഷാ ദൗത്യത്തിനായി.....
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളടക്കം പോയി', പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്